കെ മുരളീധരന്‍റെ കോണ്‍ഗ്രസ് പ്രവേശം അടഞ്ഞ അധ്യായമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും. കെ മുരളീധരന്‍റെ കോണ്‍ഗ്രസ് പുനഃപ്രവേശം ആര്‍ക്കും തടയാന്‍ കഴിയില്ലെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് നേതാക്കള്‍ സംശയങ്ങള്‍ക്കിടയില്ലാത്ത വിധം അഭിപ്രായം വ്യക്തമാക്കിയത്.
കെ മുരളീധരന്‍റെ കാര്യത്തില്‍ പാര്‍ട്ടി ഒരു നിലപാട് സ്വീകരിച്ചിട്ടുണ്ട്. അതാണ് ഇപ്പോള്‍ തുടര്‍ന്നു പോകുന്നത്. കെ കരുണാകരന്‍റെയും മുല്ലപ്പള്ളി രാമചന്ദ്രന്‍റെയുമൊക്കെ പ്രസ്താവനകള്‍ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യവുമുണ്ട് - ഉമ്മന്‍ചാണ്ടി പത്തനംതിട്ടയില്‍ പറഞ്ഞു.
മുരളിയെ കോണ്‍ഗ്രസില്‍ തിരികെയെടുക്കേണ്ടതില്ലെന്ന കാര്യം കോണ്‍ഗ്രസ് മുമ്പുതന്നെ തീരുമാനിച്ചിട്ടുണ്ടെന്ന് രമേശ് ചെന്നിത്തലയും അറിയിച്ചു.
മുരളിയെ തിരികെയെടുക്കണമെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ വെള്ളിയാഴ്ച പ്രസ്താവിച്ചതാണ് പുതിയ ചര്‍ച്ചയ്ക്ക് ഇടവരുത്തിയത്. മുല്ലപ്പള്ളി യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനാണെന്ന് കെ കരുണാകരന്‍ പ്രതികരിക്കുകയും ചെയ്തു.