ആസിയാന്‍: നെഗറ്റീവ് ലിസ്റ്റ് കിട്ടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം, വെള്ളി, 6 നവംബര്‍ 2009( 14:17 IST )
PRO
PRO
ആസിയാന്‍ കരാറുമായി ബന്ധപ്പെട്ട നെഗറ്റീവ് ലിസ്റ്റ് തനിക്ക് കിട്ടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ കേന്ദ്രവാണിജ്യമന്ത്രി ആനന്ദ് ശര്‍മ്മ അയച്ചുതന്നിരിക്കുന്ന നെഗറ്റീവ് പട്ടിക ആസിയാന്‍ കരാര്‍ ഒപ്പുവെച്ചിട്ടുള്ള മറ്റു രാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആനന്ദ് ശര്‍മ്മ പറയുന്നത് തെറ്റാണ്. മറ്റ് രാജ്യങ്ങള്‍ ഒപ്പിടാത്ത നെഗറ്റീവ് പട്ടിക ഇന്ത്യയിലെയും കേരളത്തിലെയും കര്‍ഷകര്‍ക്ക് ദോഷകരമാണ്. ഇത്തരം ഉല്പന്നങ്ങള്‍ക്ക് നികുതി ചുമത്താനാണ് കേന്ദ്രം തയ്യാറാകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കേരളത്തിലെത്തിയ കേന്ദ്രപ്രതിരോധമന്ത്രി എ കെ ആന്‍റണി ആസിയാന്‍ കരാറിലെ നെഗറ്റീവ് പട്ടിക മുഖ്യമന്ത്രിക്ക് നല്കിയിട്ടുള്ളതാണെന്ന് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍. ആസിയാന്‍ കരാറുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് കേന്ദ്രവും യു ഡി എഫും ആരോപിക്കുന്നതിനിടെയാണ് നെഗറ്റീവ് പട്ടിക ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.
കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലയ്‌ക്കുന്നതിനെക്കുറിച്ച് കേന്ദ്രമന്ത്രിമാരായ എ കെ ആന്‍റണി, വയലാര്‍ രവി എന്നിവരുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.