മലപ്പുറം ജില്ലയിലെ അരീക്കോട് ചാലിയാര്‍ പുഴയില്‍ ഇന്നലെ ഉണ്ടായ തോണിയപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്‌ടപരിഹാരം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. അടുത്ത മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം സംബന്ധിച്ച് തീരുമാനം കൈക്കൊള്ളും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണിത്.
അപകടം നടന്ന കടവില്‍ തൂക്കുപാലം നിര്‍മ്മിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ആലോചിക്കാന്‍ നാളെ ഉന്നതതല യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. അപകടത്തെക്കുറിച്ച് പെരുന്തല്‍മണ്ണ ആര്‍ ഡി ഒ അബ്‌ദുള്‍റഹ്മാന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, സ്കൂള്‍കുട്ടികള്‍ പതിവായി തോണിയാത്ര നടത്തുന്ന കടവുകളെക്കുറിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ ജില്ലാ ഭരണാധികാരികളോട് ആവശ്യപ്പെടുമെന്ന് റവന്യു മന്ത്രി കെ പി രാജേന്ദ്രന്‍ അറിയിച്ചു. അപകടസാധ്യതയുള്ള കടവുകളെക്കുറിച്ച് റിപ്പോര്‍ട്ടു നല്‍കാനാണ് ജില്ലാ കലക്‌ടര്‍മാരോട് ആവശ്യപ്പെടുകയെന്ന് അദ്ദേഹം പറഞ്ഞു.
അരീക്കോട് തോണിമറിഞ്ഞ് മരിച്ച എട്ടുകുട്ടികളുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ സമാഹരിച്ചു നല്‍കുമെന്ന് കേരള സംസ്ഥാന ടീച്ചേഴ്സ് അസോസിയേഷന്‍(കെഎസ്ടിഎ) നേതൃത്വം അറിയിച്ചു.