മലപ്പുറം അരീക്കോട് ചാലിയാര്‍ പുഴയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച എട്ടു വിദ്യാര്‍ഥികളില്‍ ആറു പേരുടെ മൃതദേഹങ്ങള്‍ കബറടക്കി. പോസ്റ്റുമോര്‍ട്ടം കൂടാതെ തന്നെ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കാന്‍ നേരത്തെ തീരുമാനമായിരുന്നു. മൂര്‍ക്കനാട് സുബുലു സലാം സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളായ സുഹൈല്‍, മുഹമ്മദ് മുഫ്‌തി, ഷമീന്‍, സിറാജ്, ശിഹാബ്, തൌഫീഖ് എന്നിവരുടെ കബറടക്കമാണ് രാവിലെ കഴിഞ്ഞത്. തോയിബ, ഷാഹിദലി എന്നിവരുടേ കബറടക്കം ഉച്ചക്ക് രണ്ടിന് നടക്കും.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള ധനസഹായം നാളെ പ്രഖ്യാപിക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കടവുകളില്‍ അപകടം ഒഴിവാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അരായാനുള്ള ഉന്നതതല യോഗവും നളെ ചേരുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.
അപകടം നടന്ന അരീക്കോട് കേന്ദ്രമന്ത്രി ഇ.അഹമ്മദ്, മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എം.എ. ബേബി, പി.കെ. ശ്രീമതി, മുല്ലക്കര രത്നാകരന്‍ , കെ പി രാജേന്ദ്രന്‍, എന്നിവര്‍ ഇന്ന് സന്ദര്‍ശിക്കും. മൂര്‍ക്കനാട് സുബുലു സലാം സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളായ സുഹൈല്‍, മുഹമ്മദ് മുഫ്‌തി, തോയിബ, ഷമീന്‍, സിറാജ്, ശിഹാബ്, തൌഫീഖ്, ഷാഹിദലി എന്നിവരാണ് ഇന്നലെ വൈകിട്ട് നാലേമുക്കാലോടെ ഉണ്ടായ അപകടത്തില്‍ മരിച്ചത്.
സ്കൂളില്‍ നിന്ന് മടങ്ങുബോള്‍ വൈകിട്ട് നാലേമുക്കാലിനായിരുന്നു അപകടം. ഇരുകരകളെ ബന്ധിപ്പിക്കുന്ന കയറില്‍ പിടിച്ച് നീങ്ങുന്ന വളളമാണ് അപകടത്തില്‍പ്പെട്ടത്. മൂപ്പത്തഞ്ചോളം വിദ്യാര്‍ഥികള്‍ വളളത്തിലുണ്ടായിരുന്നു. മണല്‍തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് വേഗത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം മരണ നിരക്ക് കുറച്ചു.