മലപ്പുറം അരീക്കോട് ചാലിയാര്‍ പുഴയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച എട്ടു വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ ഇന്നു കബറടക്കും. മൃതദേഹങ്ങള്‍ പൊതു ദര്‍ശനത്തിന് വയ്ക്കില്ല. പോസ്റ്റുമോര്‍ട്ടം കൂടാതെ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
അപകടം നടന്ന അരീക്കോട് കേന്ദ്രമന്ത്രി ഇ.അഹമ്മദ്, മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എം.എ. ബേബി, പി.കെ. ശ്രീമതി, മുല്ലക്കര രത്നാകരന്‍ , കെ പി രാജേന്ദ്രന്‍, എന്നിവര്‍ ഇന്ന് സന്ദര്‍ശിക്കും. മൂര്‍ക്കനാട് സുബുലു സലാം സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളായ സുഹൈല്‍, മുഹമ്മദ് മുഫ്‌തി, തോയിബ, ഷമീന്‍, സിറാജ്, ശിഹാബ്, തൌഫീഖ്, ഷാഹിദലി എന്നിവരാണ് ഇന്നലെ വൈകിട്ട് നാലേമുക്കാലോടെ ഉണ്ടായ അപകടത്തില്‍ മരിച്ചത്.
സ്കൂളില്‍ നിന്ന് മടങ്ങുബോള്‍ വൈകിട്ട് നാലേമുക്കാലിനായിരുന്നു അപകടം. ഇരുകരകളെ ബന്ധിപ്പിക്കുന്ന കയറില്‍ പിടിച്ച് നീങ്ങുന്ന വളളമാണ് അപകടത്തില്‍പ്പെട്ടത്. മൂപ്പത്തഞ്ചോളം വിദ്യാര്‍ഥികള്‍ വളളത്തിലുണ്ടായിരുന്നു. മണല്‍തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് വേഗത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം മരണ നിരക്ക് കുറച്ചു.