തിരുവനന്തപുരം, വ്യാഴം, 5 നവംബര്‍ 2009( 09:17 IST )
PRO
സംസ്ഥാനത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് അഞ്ചുമണി വരെയാണ് പരസ്യപ്രചാരണത്തിനുള്ള സമയം. ആലപ്പുഴ, കണ്ണൂര്‍, എറണാകുളം എന്നീ മൂന്ന് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ വിവാദങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ കണ്ണൂരാണ് ഉപതെരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രം.
കലാശക്കൊട്ടിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഇരുമുന്നണികളും പ്രചാരണം പരമാവധി കൊഴുപ്പിക്കുകയാണ്. കണ്ണൂരാണ് പ്രധാനകെന്ദ്രമെന്നതിനാല്‍ തന്നെ ഇടതു-വലത് മുന്നണികളുടെ പ്രധാനപ്പെട്ട എല്ലാ നേതാക്കളും ഇതിനകം തന്ന കണ്ണൂരില്‍ എത്തിക്കഴിഞ്ഞു.
വി ഐ പി വോട്ടുപിടുത്തമാണ് എറണാകുളത്ത് നടക്കുന്നത്. യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡൊമിനിക് പ്രസന്‍റേഷനു വേണ്ടി കേന്ദ്രപ്രതിരോധമന്ത്രി എ കെ ആന്‍റണി ഇന്നലെ പ്രചരണത്തിനെത്തിയപ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി എന്‍ സീനുലാലിനു വേണ്ടി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനായിരുന്നു പ്രചാരണത്തിനെത്തിയത്.
കണ്ണൂരില്‍ തെരഞ്ഞെടുപ്പ് പോരാട്ടം പൊടിപൊടിക്കുകയാണ്. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി എ പി അബ്‌ദുള്ളക്കുട്ടിയെ പ്രഖ്യാപിച്ചതോടെ എന്തു വില കൊടുത്തും ജയിക്കാനുള്ള ഒരുക്കത്തിലാണ് ഇരുമുന്നണികളും. വോട്ടര്‍ പട്ടികാ വിവാദവും, കളക്‌ടറുടെ സ്ഥലം മാറ്റവും, കേന്ദ്രസേനയെ വിന്യസിക്കലും എല്ലാം ഇതിന്‍റെ ഭാഗമായിരുന്നു. ഇടതുമുന്നണിയുടെ ഒട്ടുമിക്ക നേതാക്കളും, മന്ത്രിമാരും, എം എല്‍ എമാരും ഇതിനകം തന്നെ കണ്ണൂരില്‍ എത്തിക്കഴിഞ്ഞു. എതിരാളി പണ്ടത്തെ പോരാളിയായിരുന്നതിനാല്‍ വിജയം ഇടതുമുന്നണിക്ക് ഇവിടെ അനിവാര്യമാണ്.
കണ്ണൂരില്‍ ഇതിനകം തന്നെ യു ഡി എഫ് പ്രമുഖ നേതാക്കളെയെല്ലാം ഇറക്കി കഴിഞ്ഞു. കേന്ദ്രമന്ത്രിമാരായ എ കെ ആന്‍റണിയും, വയലാര്‍ രവിയും, മുല്ലപ്പള്ളി രാമചന്ദ്രനും, ശശി തരൂരും, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും കെ പി സി സി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയും കണ്ണൂരില്‍ പ്രചാരണ യോഗങ്ങളില്‍ പങ്കെടുത്തിരുന്നു.
ആലപ്പുഴയില്‍ വോട്ടുറപ്പിക്കാന്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി, കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല എന്നിവര്‍ സജീവമായി രംഗത്തുണ്ട്. നാലുതവണയായി വിജയിച്ചു കൊണ്ടിരിക്കുന്ന മണ്ഡലത്തില്‍ അഞ്ചാം തവണയും വിജയമുറപ്പിക്കുകയാണ് കോണ്‍ഗ്രസിന്‍റെ ലക്‌ഷ്യം.