കണ്ണൂര്‍ ലോക്‌സഭാ എം പി കെ സുധാകരന് സി പി എം സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചു. തന്‍റെ ഭാര്യയ്‌ക്ക് ഇല്ലാത്ത സഹോദരന്‍ കണ്ണൂരില്‍ വോട്ടറാണെന്ന് കെ.സുധാകരന്‍ എം പി ആരോപിച്ചത് ചൂണ്ടിക്കാട്ടിയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച സുധാകരന്‍ മാപ്പുപറയണമെന്നും അല്ലാത്തപക്ഷം സിവില്‍, ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജയരാജന്‍ അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.
പി ജയരാജന്‍റെ ഭാര്യാ സഹോദരന് കണ്ണൂരില്‍ വോട്ടുണ്ടെന്ന് മലയാളത്തിലെ ഒരു പ്രമുഖ ദിനപത്രമടക്കം നിരവധി പത്രങ്ങളാണ് സുധാകരനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സംസാരിക്കവെയായിരുന്നു സുധാകരന്‍റെ ആരോപണം.
അടിസ്ഥാന രഹിതമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പത്രസ്ഥാപനത്തിനെതിരെയും നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതായി ജയരാജന്‍ പറഞ്ഞു.
അതേസമയം ആരോപണം നിഷേധിച്ച കെ സുധാകരന്‍, താന്‍ പറഞ്ഞത് സി പി എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍റെ സഹോദരന്‍റെ ബന്ധുവിന്‍റെ കാര്യമാണെന്നു വിശദീകരിച്ചു.