മുല്ലപ്പെരിയാറില്‍ ഭൂകമ്പ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ റൂര്‍ക്കി ഐ ഐ ടി പഠനറിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി. കേസിന്‍റെ ഈ ഘട്ടത്തില്‍ കൂടുതല്‍ തെളിവുകള്‍ സ്വീകരിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
റൂര്‍ക്കി ഐ ഐ ടിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്‍റെ തുടര്‍ച്ചയാണ് ഇതെന്ന് കേരളം കോടതിയില്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. സുപ്രീംകോടതി ചട്ടപ്രകാരമാണ് നടപടി. ഡാം അപകടാവസ്ഥയിലാണെന്ന റൂര്‍ക്കി ഐ ഐ ടിയുടെ അന്തിമ റിപ്പോര്‍ട്ട് തെളിവായി സ്വീകരിക്കണമെന്നയിരുന്നു സുപ്രീംകോടതിയില്‍ ഇന്ന് കേരളം ആവശ്യപ്പെട്ടത്.
മുല്ലപ്പെരിയാറില്‍ ഭൂകമ്പസാധ്യതയുള്ളതായുള്ള പ്രാഥമിക റിപ്പോര്‍ട്ട് നേരത്തെ സമര്‍പ്പിച്ചിരുന്നെങ്കിലും അന്തിമറിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്‌ചയായിരുന്നു കേരളത്തിന് ലഭിച്ചത്. ഇത് കഴിഞ്ഞദിവസം കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇന്ന് വാദം തുടങ്ങിയപ്പോള്‍ തന്നെ കേരളം ഇക്കാര്യം മുന്നോട്ടുവെച്ചെങ്കിലും ഇതൊരു അന്യായ ഹര്‍ജിയാണെന്നും അന്യായഹര്‍ജിയില്‍ ആദ്യം രേഖകള്‍ സമര്‍പ്പിച്ച് കഴിഞ്ഞാല്‍ പിന്നീട് തെളിവുകള്‍ സമര്‍പ്പിക്കാന്‍ കഴിയില്ലെന്നും കോടതി അറിയിച്ചു.
എന്നാല്‍ ഈ റിപ്പോര്‍ട്ട് പ്രാഥമിക റിപ്പോര്‍ട്ടിന്‍റെ തുടര്‍ച്ചയാണെന്ന് കേരളം വാദിച്ചെങ്കിലും സുപ്രീംകോടതി തള്ളുകയായിരുന്നു. കേരളത്തിന്‍റെ വാദങ്ങള്‍ക്ക് ഏറെ ശക്തി പകരാന്‍ കഴിയുമായിരുന്ന ഒരു തെളിവാണ് ഇതോടെ കേരളത്തിന് നഷ്‌ടമായിരിക്കുന്നത്.
അതേസമയം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇന്ന് പുനരാരംഭിച്ച വാദം തുടരുകയാണ്. തമിഴ്‌നാടിന്‍റെ വാദമാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. റൂര്‍ക്കി ഐ ഐ ടിയുടെ പ്രാഥമിക റിപ്പോര്‍ട്ട് തെളിവായി സ്വീകരിക്കരുതെന്ന് തമിഴ്‌നാട് ഇന്ന് വാദിക്കും. ഇന്ന് വൈകുന്നേരത്തോടെ തമിഴ്‌നാടിന്‍റെ വാദം തീര്‍ന്നേക്കും. അങ്ങനെയാണെങ്കില്‍ നാളെ മുതല്‍ കേരളത്തിന്‍റെ വാദം ആരംഭിക്കും. കേരളത്തിന്‍റെ വാദം നാല് ദിവസം നീണ്ടുനില്‍ക്കും.