കോഴിക്കോട്- ബാംഗ്ലൂര്‍ ദേശീയപാത 212ലെ വനമേഖലയില്‍ രാത്രിഗതാഗത നിരോധനം ഏര്‍പ്പെടുത്തിയ ഇടക്കാല ഉത്തരവു റദ്ദാക്കണമെന്നാവശ്യപ്പെട്ടു കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച പ്രത്യേക ഹര്‍ജി ഇന്നു ഹൈക്കോടതി പരിഗണിക്കും. പ്രശ്നത്തില്‍ ഇടപെടണമെന്നഭ്യര്‍ഥിച്ചു മന്ത്രിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, ബിനോയ് വിശ്വം എന്നിവരുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം കര്‍ണാടക മുഖ്യമന്ത്രിയെ കണ്ടു നിവേദനം സമര്‍പ്പിച്ചതും ഹര്‍ജിക്കൊപ്പം അനുബന്ധം ഒന്നായും പൊതുജനം നേരിടുന്ന പ്രയാസങ്ങള്‍ കാണിച്ചു കേരള ചീഫ് സെക്രട്ടറി അയച്ച കത്ത് അനുബന്ധം രണ്ടായും ചേര്‍ത്തിട്ടുണ്ട്.
രാത്രിഗതാഗതം നിരോധിക്കണമെന്നാവശ്യപ്പെട്ടു പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ച എല്‍ ശ്രീനിവാസ ബാബുവിനെതിരായാണു കര്‍ണാടക ഹര്‍ജി. ചീഫ് ജസ്റ്റിസ് പി ഡി ദിനകരന്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. മലബാറിന്റെ ഏറ്റവും പ്രധാനപ്പെട്ട പാതകളിലൊന്നിലാണു സെപ്റ്റംബര്‍ മുതല്‍ രാത്രികാല ഗതാഗത നിരോധനം നടപ്പാക്കിയത്.
ദേശീയപാത 212ല്‍ മുത്തങ്ങ മുതല്‍ ഗുണ്ടല്‍പേട്ട വരെ, ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വില്‍ ഉള്‍പ്പെട്ട 20 കിലോമീറ്റര്‍ ഭാഗത്താണ് രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ ആറു വരെ ഗതാഗത നിരോധനം. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഗുണ്ടല്‍പേട്ട - ഊട്ടി ദേശീയപാതയിലും രാത്രികാല ഗതാഗത നിരോധനം ഏര്‍പ്പെടുത്തി കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു.