തിരുവനന്തപുരം, ചൊവ്വ, 3 നവംബര്‍ 2009( 18:09 IST )
കേരള സര്‍വ്വകലാശാലയിലെ അസിസ്റ്റന്‍റ് ഗ്രേഡ് നിയമനം സംബന്ധിച്ച ക്രമക്കേട് അന്വേഷിക്കുന്നതിന് സര്‍ക്കാര്‍ മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ചു. റിട്ടയര്‍ഡ് ജില്ലാ ജഡ്ജി എന്‍ സുകുമാരന്‍ ആണ് സമിതിയുടെ അധ്യക്ഷന്‍. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കുരുവിള ജോണ്‍, ഇന്‍റലിജന്‍സ് ഐജി കെ പത്മകുമാര്‍ എന്നിവരാണ് മറ്റംഗങ്ങള്‍.
സമിതിയില്‍ ഒരു ഐ ടി വിദഗ്‌ധനെ കൂടീ സമിതിയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശമുണ്ട്. സമിതി അധ്യക്ഷനായിരിക്കും ഐ ടി വിദഗ്‌ധനെ നിയമിക്കുക. അസിസന്‍റ് ഗ്രേഡ് നിയമനത്തിനായി കേരള സര്‍വ്വകലാശാല നടത്തിയ എഴുത്തുപരീക്ഷയും തുടര്‍ നടപടികളും വിവാദമായിരുന്നു.
അസിസ്റ്റന്‍റ് ഗ്രേഡ് നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന് ഉപലോകായുക്ത കണ്ടത്തിയ സാഹചര്യത്തില്‍ ഹൈക്കോടതിയാണ് സമിതി രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് വി ഗിരി ആയിരുന്നു ഉന്നത സമിതി രൂപീകരിക്കാന്‍ നേരത്തെ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.
സി പി എം തങ്ങളുടെ വേണ്‌ടപ്പെട്ടവരെ പുറംവാതില്‍ വഴി നിയമിക്കുന്നതിനായി ക്രമക്കേട് കാണിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തുവരികയും ഒട്ടേറെ പരാതികള്‍ ഇതേക്കുറിച്ച് ഉയരുകയും ചെയ്തിരുന്നു.