ചെറായില്‍ നിന്ന് കാണാതായ നാല്‍പ്പത്തിരണ്ടുകാരിയായ വീട്ടമ്മയെ തിരുവനന്തപുരത്തുള്ള ഹോം നഴ്സ് സപ്ലൈ കമ്പനിയുടെ ഓഫീസില്‍ നിന്ന് കണ്ടെത്തി. ഇക്കഴിഞ്ഞ മുപ്പതിനാണ് ചെറായി ഇരവേലില്‍ ഷീജ എന്ന വീട്ടമ്മയെ കാണാതായത്. ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും കണ്ടെത്താനായില്ല. ഹോം നഴ്സ് സപ്ലൈ കമ്പനിയുടെ ഓഫീസില്‍ നിന്ന് ഷീജയുടെ സഹോദരന്റെ മൊബൈലിലേക്ക് വന്ന വിളിയാണ് കേസന്വേഷണത്തില്‍ വഴിത്തിരിവായത്.
വീട്ടമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് വെളിപ്പെടുത്തിയ വിവരങ്ങള്‍ -
ചെറായി നഗരത്തില്‍ ഒരു ജ്വല്ലറി നടത്തുന്ന ചിട്ടി സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റാണ് ഇരവേലില്‍ ഷീജ. ഒരു ഇടപാടുകാരന്റെ ആധാരം പണയപ്പെടുത്തി ജ്വല്ലറിയില്‍ നിന്നും ഇവര്‍ സ്വര്‍ണം വാങ്ങിയതായി ബന്ധുക്കള്‍ പറയുന്നു. ഇടപാടുകാരന്‍ ആധാരം തിരികെ ചോദിച്ചപ്പോള്‍ വീട്ടമ്മ വീടുപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെത്രെ.
ചെറായിയില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് ഷീജ വണ്ടികയറിയത്. തിരുവനന്തപുരത്തെത്തിയ ഇവര്‍ ഹോം നഴ്സായി ജോലി ചെയ്യാന്‍ ഒരു ഹോം നഴ്സ് സപ്ലൈ കമ്പനിയെ സമീപിച്ചു. തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാതെ ജോലി നല്‍കാന്‍ നിര്‍വാഹമില്ലെന്ന് കമ്പനി പറഞ്ഞതിനെ തുടര്‍ന്ന് ഷീജ സഹോദരന്റെ ഫോണ്‍ നമ്പര്‍ നല്‍കി.
ഹോം നഴ്സ് സപ്ലൈ കമ്പനി സഹോദരനെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ഷീജ നാട്ടില്‍ നിന്നും മുങ്ങിയതാണെന്ന വിവരം കമ്പനി മനസിലാക്കുന്നത്. ഷീജയെ അനുനയിപ്പിച്ച് കമ്പനിയില്‍ തന്നെ ഇരുത്താന്‍ സഹോദരന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് പോലീസിനെയും ബന്ധുക്കളേയും കൂട്ടിവന്ന് ഷീജയെ കസ്റ്റഡിയില്‍ എടുക്കുകയുമാണ് ഉണ്ടായത്.
ഷീജയെ കാണാനില്ല എന്ന പരാതി മാത്രമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. എന്നാല്‍ ഷീജയുടെ സാമ്പത്തിക തിരിമറികളെ പറ്റി ആരും തന്നെ ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നും മുനമ്പം പോലീസ് അറിയിച്ചു. വീട്ടമ്മയെ ഇന്നു പറവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.