ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ശക്തമായി ഉയര്‍ത്തുന്ന ആസിയാന്‍ വിവാദം കഴമ്പില്ലാത്തതാണെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതെങ്കിലും ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്ക് ആസിയാന്‍ കരാറിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാകുമോ. തെരഞ്ഞെടുപ്പില്‍ ആസിയാന്‍ കരാര്‍ ചര്‍ച്ചാ വിഷയമാകില്ല. ആസിയാന്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്.
കേന്ദ്രസേന ബാരക്കില്‍ ഇരിക്കുകയേ ഉള്ളൂവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വിവരക്കേടാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പൂര്‍ണ നിയന്ത്രണത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്നും തങ്കച്ചന്‍ പറഞ്ഞു.
പി ഡി പിയോടുള്ള നിലപാട് സി പി എം വ്യക്തമാക്കണം. കണ്ണൂരില്‍ പി ഡി പി വോട്ട് വേണ്ടെന്നു പറയാന്‍ സി പി എമ്മിനു ധൈര്യമുണ്ടോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനപ്പെട്ട ജനകീയപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഇടതുമുന്നണിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല,. വിലവര്‍ദ്ധന വളരെ രൂക്ഷമായിരിക്കുകയാണ്. എല്ലാ വസ്തുക്കളുടെയും വില സംസ്ഥാനത്ത് വര്‍ദ്ധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലും യു ഡി എഫ് വിജയിക്കുമെന്നും തങ്കച്ചന്‍ പറഞ്ഞു.