ഉപതെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കണ്ണൂരില്‍ എത്തിയ കേന്ദ്രസേന മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്തുമെന്ന് ജില്ലാ കളക്‌ടര്‍ പി ബി സലീം പറഞ്ഞു. ഇന്നും നാളെയുമായാണ് റൂട്ട്‌മാര്‍ച്ച് നടക്കുക.
മണ്ഡലത്തെ മൂന്ന് പ്രധാന ഭാഗങ്ങളായി തിരിച്ചാകും കേന്ദ്രസേന പ്രവര്‍ത്തിക്കുക. കണ്ണുര്‍ സിറ്റി, കണ്ണൂര്‍ സെന്‍ട്രല്‍, വളപട്ടണം എന്നീ മൂന്നു ഭാഗങ്ങളായി തിരിച്ചാണ് സേനയെ വിന്യസിക്കുക. തിങ്കളാഴ്‌ച മുതല്‍ അഞ്ചാം തീയതി വരെ ഇവിടുത്തെ സുരക്ഷയുടെ ചുമതല കേന്ദ്രസേന എറ്റെടുക്കും.
ഏഴാം തീയതി വോട്ടിംഗ് ആയതിനാല്‍ ആറ്, ഏഴ് തിയതികളില്‍ പോളിംഗ് ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിക്കും. രാവിലെ കളക്‌ടറുടെ ചേംബറില്‍ കൂടിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് സേനാവിന്യാസം സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊണ്ടത്.