തിരുവനന്തപുരം, ഞായര്‍, 25 ഒക്ടോബര്‍ 2009( 11:38 IST )
PRO
ചട്ടപ്പടി സമരം തുടരുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി പി കെ ശ്രീമതി നാളെ അനൌപചാരിക ചര്‍ച്ചകള്‍ നടത്തും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഔപചാരിക ചര്‍ച്ചകള്‍ നടത്തുന്നതിന് സര്‍ക്കാരിന് സാങ്കേതിക തടസ്സമുണ്ടെന്നതിനാലാണ് സര്‍ക്കാര്‍ അനൌപചാരിക ചര്‍ച്ചകള്‍ നടത്തുന്നതെന്നാണ് സുചന.
ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം സി ടി എ നേതാക്കളെ സ്ഥലം മാറ്റിയതിലും അച്ചടക്ക നടപടിയെടുത്തതിലും പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ഇന്നലെ ഒ പി. ബഹിഷ്കരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഒ പി ബഹിഷ്കരിച്ച ഡോക്ടര്‍മാരുടെ പട്ടിക നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
22 മുതല്‍ പി ജി അധ്യാപനത്തിനും സെമിനാറുകള്‍ക്കും എത്താതിരിരുന്നവരുടെ പട്ടിക നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ക്കെതിരെ കൂടുതല്‍ അച്ചടക്ക നടപടിക്ക് സര്‍ക്കാര്‍ മുതിര്‍ന്നേക്കുമെന്നും സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ചര്‍ച്ച.
അതേസമയം ഡോക്ടര്‍മാരുടെ സ്ഥലംമാറ്റ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ നാളെ മുതല്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കുമെന്ന് തിരുവനന്തപുരം കെ ജി എം സി ടി എ യൂണിറ്റ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമരം ചെയ്യുന്ന സംഘടനാ നിലപാടില്‍ പ്രതിഷേധിച്ച് തൃശൂര്‍ കെ ജി എം സി ടി എ യൂണിറ്റ് പ്രസിഡന്റ് ഡോ.നാരായണ്‍ ഗോവിന്ദരാജ് ഇന്നലെ സംഘടയില്‍ നിന്നു രാജിവെച്ചിരുന്നു.