ഒ പി ബഹിഷ്കരണം: ഡോക്ടര്‍മാരുടെ പട്ടിക അവശ്യപ്പെട്ടു
തിരുവനന്തപുരം, ശനി, 24 ഒക്ടോബര്‍ 2009( 16:48 IST )
PRO
ചട്ടപ്പടി സമരത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഇന്ന് ഒ.പി. ബഹിഷ്കരിച്ച ഡോക്ടര്‍മാരുടെ പട്ടിക നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. 22 മുതല്‍ പി ജി അധ്യാപനത്തിനും സെമിനാറുകള്‍ക്കും എത്താതിരിരുന്നവരുടെ പട്ടിക നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം സി ടി ഒ നേതാക്കള്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് ഒ പി ബഹിഷ്‌കരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മുഴുവന്‍ സമയവും മറ്റ് മെഡിക്കല്‍ കോളജുകളില്‍ രണ്ട് മണിക്കൂറുമായിരുന്നു ബഹിഷ്കരണം.
സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് പകരം റസിഡന്‍റ് ഡോക്ടര്‍മാരും ജൂനിയര്‍ ഡോക്ടര്‍മാരുമായിരുന്നു ഇന്ന് ഒ പിയില്‍ പരിശോധന നടത്തിയത്. അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നു സ്ഥലംമാറ്റിയ രണ്ട് ഡോക്ടര്‍മാരുടെ സ്ഥലംമാറ്റ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ തിങ്കളാഴ്ചമുതല്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കുമെന്ന് തിരുവനന്തപുരം കെ ജി എം സി ടി എ യൂണിറ്റ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ അധ്യാപകക്ഷാമം പരിഹരിക്കുന്നതിനാണ് സ്ഥലംമാറ്റ നടപടിയെന്നും ഉത്തരവ് പിന്‍വലിക്കില്ലെന്നും ആരോഗ്യവകുപ്പിന്റെ നിലപാട്. ഇതിനിടെ സമരം ചെയ്യുന്ന സംഘടനാ നിലപാടില്‍ പ്രതിഷേധിച്ച് തൃശൂര്‍ കെ ജി എം സി ടി എ യൂണിറ്റ് പ്രസിഡന്റ് ഡോ.നാരായണ്‍ ഗോവിന്ദരാജ് സംഘടയില്‍ നിന്നു രാജിവെച്ചു