ന്യൂഡല്‍ഹി, വെള്ളി, 23 ഒക്ടോബര്‍ 2009( 16:58 IST )
PRO
ഒരു പ്രത്യേക വ്യക്തിയെ കണ്ണൂര്‍ ജില്ലാ കളക്ടറാക്കണമെന്ന് നിര്‍ദേശിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട് ശരിയല്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. കോണ്‍ഗ്രസുകാര്‍ പറയുന്നതുപോലെ ചിലര്‍ വേണം ചിലര്‍ വേണ്ട എന്നാണ് കമ്മിഷന്‍ പറയുന്നത്. ഇത് ശരിയായ നിലപാടല്ല.
കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന്‍റെ കാര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം സര്‍ക്കാര്‍ നിലപാടെടുക്കുമെന്നും സി പി എം കേന്ദ്രകമ്മിറ്റി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കണ്ണൂര്‍ ജില്ലാ കളക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന മൂന്ന് പേരുടെ അന്തിമ പട്ടിക ചീഫ് സെക്രട്ടറി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചു.
തിരുവനന്തപുരം ജില്ലാ കളക്ടര്‍ സഞ്ജയ് കൌള്‍, കോഴിക്കോട് ജില്ലാകളക്ടര്‍ പി ബി സലീം ഇഷിതാ റോയ് എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്. കമ്മീഷന്‍ നിര്‍ദേശിച്ച ദിനേശ് അറോറ, ആനന്ദ് സിംഗ് എന്നിവരുടെ പേരുകള്‍ ഒഴിവാക്കിയ പട്ടികയാണ് ചീഫ് സെക്രട്ടറി സമര്‍പ്പിച്ചിരിക്കുന്നത്.