ന്യൂഡല്‍ഹി, വെള്ളി, 23 ഒക്ടോബര്‍ 2009( 13:07 IST )
PRO
കൊച്ചി മെട്രോ റയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി എസ് അച്യുതനാനന്ദന്‍ ഡല്‍ഹി മെട്രൊ റെയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തി. പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി അടുത്ത മാസം ഉന്നതതല യോഗം ചേരാന്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ധാരണയായി. വിവിധ വകുപ്പുകളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ യോഗത്തിലേയ്ക്ക് വിളിയ്ക്കും.
പദ്ധതിക്കായി ദേശീയപാതയുടെ മുകളില്‍കൂടി റെയില്‍ പാത നിര്‍മ്മിക്കുന്നതിന് ദേശീയപാത അതോറിറ്റി അനുമതി നല്‍കിയതായി ശ്രീധരന്‍ മുഖ്യമന്തിയെ അറിയിച്ചു. സംസ്ഥാനം ചെയ്യേണ്ട കാര്യങ്ങള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ശ്രീധരനെ ധരിപ്പിച്ചു. പദ്ധതിയ്ക്ക് കേന്ദ്ര ധനമന്ത്രാലയം ഉയര്‍ത്തിയിട്ടുള്ള എതിര്‍പ്പുകള്‍ നീക്കികിട്ടുന്നതിനായി മുഖ്യമന്ത്രി ധനമന്ത്രി പ്രണബ് മുഖര്‍ജിയെ കാണുമെന്നും സൂചനയുണ്‌ട്.
പദ്ധതിയ്ക്ക് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. മെട്രോ റയില്‍ പദ്ധതിയ്ക്കാവശ്യമായ സ്ഥലമേറ്റെടുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 20 കോടി രൂപ നീക്കിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ പദ്ധതി പൊതുമേഖലയില്‍ നടപ്പാക്കുന്നത് ലാഭകരമല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യ സംരംഭകരെ പങ്കെടുപ്പിച്ച് പദ്ധതി നടപ്പാക്കണമെന്നുമായിരുന്നു ആസൂത്രണക്കമ്മീഷന്‍റെ മുന്‍ നിലപാട്.