തിരുവനന്തപുരം, വ്യാഴം, 22 ഒക്ടോബര്‍ 2009( 08:48 IST )
PRO
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപകര്‍ ഇന്നുമുതല്‍ വീണ്ടും സമരത്തില്‍. ഇന്ന് നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് ആരോഗ്യ വകുപ്പ് ഏകപക്ഷീയമായി പിന്‍മാറിയതിനെ തുടര്‍ന്നാണ് ഇന്നുമുതല്‍ സമരം പുനരാരംഭിക്കാന്‍ കെ ജി എം സി ടി എ തീരുമാനിച്ചത്. സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് ഇന്നലെ വരെ ഡോക്ടര്‍മാര്‍ സമരം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
പേവാര്‍ഡ് പ്രവേശനം തടയാനും അധ്യാപന, പരീക്ഷാ ഡ്യൂട്ടികളില്‍ നിന്നു വിട്ടുനില്‍ക്കാനുമാണ് സംഘടനാ തീരുമാനം. തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് കെജിഎംസിടിഎയുമായി ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ചയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയത്.
കഴിഞ്ഞ ദിവസം ഡോക്‌ടര്‍മാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പക്ഷേ, സ്വകാര്യ പ്രാക്‌ടീസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ഡോക്‌ടര്‍മാര്‍ക്ക് അനുകൂലമായ നിലപാടെടുക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനമെന്ന് കെജിഎംസിടിഎ ഇന്നലെ വ്യക്തമാക്കിയിരുന്നു. ബംഗാള്‍ മാതൃകയില്‍ താല്പര്യമുള്ള ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് ചെയ്യാന്‍ അവസരം നല്‍കണമെന്നതാണ് കെ ജി എം സി ടി എയുടെ ആവശ്യം.
അതേസമയം, കൂടുതല്‍ ഡോക്‌ടര്‍മാര്‍ രാജി വയ്ക്കാന്‍ തയ്യാറെടുക്കുകയാണ്. സമരം തുടങ്ങിയാല്‍ പേവാര്‍ഡ് പ്രവേശനം തടയാനും അധ്യാപന, പരീക്ഷാ ഡ്യൂട്ടികളില്‍ നിന്നു വിട്ടുനില്‍ക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. ആലപ്പുഴ, തൃശൂര്‍, കോട്ടയം മെഡിക്കല്‍ കോളജുകളില്‍ അടുത്തമാസം നടക്കുന്ന മെഡിക്കല്‍ കൗണ്‍സിലിന്‍റെ പരിശോധനയില്‍ സഹകരിക്കേണ്ടന്നും കെജിഎംസിടിഎ തീരുമാനിച്ചു.