ഭക്‍ഷ്യ മന്ത്രി സി ദിവാകരന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചിട്ടില്ലെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ പി. വേണുഗോപാല്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. എല്‍ ഡി എഫ് ജയിച്ചാല്‍ പട്ടയം ലഭിയ്ക്കാത്തവര്‍ക്ക് മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുമെന്ന് ആലപ്പുഴയിലെ ആലിശ്ശേരിയില്‍ നടന്ന കുടുംബസംഗമത്തില്‍ സി ദിവാകരന്‍ പ്രസ്താവിച്ചുവെന്നായിരുന്നു ആരോപണം.
മന്ത്രിയുടെ പ്രസംഗം സംബന്ധിച്ച വിവിധ പത്ര ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ പകര്‍പ്പുകള്‍ സഹിതമാണ് കലക്ടര്‍ ഇന്ന് രാവിലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇനി തുടര്‍ നടപടികള്‍ സ്വീകരിയ്ക്കേണ്‌ടത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണെന്ന് കലക്ടര്‍ വ്യക്തമാക്കി. മന്ത്രിയുടേത് പ്രഖ്യാപനങ്ങളല്ല മറിച്ച് അവിടെ ഉയര്‍ന്ന ചോദ്യങ്ങള്‍ക്കുള്ള വിശദീകരണങ്ങള്‍ മാത്രമാണെന്ന് കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇക്കാര്യങ്ങളെല്ലാം നേരത്തെ തന്നെ മറ്റു പൊതുചടങ്ങുകളില്‍ പറഞ്ഞിട്ടുള്ളതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ടും അതോടൊപ്പം ചേര്‍ത്തിരിക്കുന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമായിരിക്കും ചീഫ് ഇലക്ടറല്‍ ഓഫിസര്‍ അടുത്ത നടപടികള്‍ സ്വീകരിക്കുക.
ദിവാകരന്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, കെ.സി. വേണുഗോപാല്‍ എംപി എന്നിവരാണ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍, സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് ഇതു സംബന്ധിച്ചു പരാതി നല്‍കിയത്.