തിരുവനന്തപുരം, ബുധന്‍, 21 ഒക്ടോബര്‍ 2009( 12:52 IST )
PRO
കണ്ണൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ച ചെയ്ത് പരിഹരിയ്ക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. തിരുവനനതപുരത്ത് മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം സംസ്ഥാനസര്‍ക്കാരിന്റെ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെ എതിര്‍പ്പ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. തീരദേശ സംസ്ഥാനങ്ങളിലെ ഫിഷറീസ് മന്ത്രിമാരുടെ യോഗം വിളിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വി എസ് പറഞ്ഞു.
മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രത്തിലെ നായികയായ കമലത്തിന് ഒരു ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു. നാഷണല്‍ ഹൈവേയ്ക്ക് വേണ്ടിയുളള സ്ഥലമെടുപ്പ് സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നാഷണല്‍ ഹൈവേ ഉദ്യോഗസ്ഥര്‍, എം എല്‍ എമാര്‍ ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് അഭിപ്രായം ആരായും.
ഇ ഗവേണന്‍സ് പദ്ധതി അനുസരിച്ച് സ്റ്റോര്‍ പര്‍ചെയ്‌സിങ് മാനുവലും പി ഡബ്ല്യൂ ഡി മാനുവലും പരിഷ്‌കരിക്കും. ടെക്‌നോസിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് പള്ളിപ്പുറം, മേല്‍തോന്നയ്ക്കല്‍, അണ്ടൂര്‍ക്കോണം എന്നിവിടങ്ങളില്‍നിന്ന് കുടിയൊഴിപ്പിച്ചവര്‍ക്കുളള പുനരധിവാസ പായ്‌ക്കേജും മന്ത്രിസഭ അംഗീകരിച്ചു.
മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനായുള്ള സര്‍വെ തുടരാമെന്ന് സുപ്രിം കോറ്റത് വ്യക്തമാക്കിയ സാഹചര്യത്തില്‍ മുന്നു നാല് മാസങ്ങള്‍ കൊണ്‌ട് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും വി എസ് പറഞ്ഞു.