തിരുവനന്തപുരം, ഞായര്‍, 18 ഒക്ടോബര്‍ 2009( 15:24 IST )
തിരുവനന്തപുരത്ത് പാലോട് പൊലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുപതോളം പൊലീസുകാരുള്‍പ്പെടെ മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു. നെടുമങ്ങാട് സബ്‌രജിസ്ട്രാര്‍ ഓഫീസ് മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
പെരിങ്ങമല പഞ്ചായത്തിന്‍റെയും നന്ദിയോട് പഞ്ചായത്തിന്‍റെയും അതിര്‍ത്തിപ്രദേശമാണ് പാലോട്. പെരിങ്ങമല പഞ്ചായത്തിലാണ് സബ്‌രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇത് വാടകക്കെട്ടിടമായതിനാല്‍ ഇവിടെ നിന്നും 500 മീറ്റര്‍ മാത്രം മാറി സര്‍ക്കാര്‍ സ്വന്തമായി കെട്ടിടം നിര്‍മ്മിച്ചിരുന്നു. ഈ കെട്ടിടം നന്ദിയോട് പഞ്ചായത്തിലാണ്. ഇവിടേക്ക് ഓഫീസ് മാറ്റുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.
നേരത്തെ തന്നെ ഓഫീസ് മാറ്റുന്നതിനെതിരെ നാട്ടുകാര്‍ സംഘടിച്ചിരുന്നു. ആക്ഷന്‍ കമ്മറ്റി ഉള്‍പ്പെടെ രൂപീകരിച്ച് ഓഫീസ് മാറ്റുന്നത് തടുക്കാന്‍ നാട്ടുകാര്‍ പദ്ധതിയിട്ടിരുന്നു. ഇന്ന് രാവിലെ ഓഫീസ് മാറ്റാന്‍ പൊലീസിന്‍റെ സഹായത്തോടെ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴായിരുന്നു സംഘര്‍ഷമുണ്ടായത്. സ്ഥലത്ത് സംഘടിച്ച നാട്ടുകാരും പൊലീസും തമ്മിലുണ്ടായ തര്‍ക്കം ക്രമേണ കല്ലേറിലേക്കും കണ്ണീര്‍വാതക പ്രയോഗത്തിലേക്കും നീങ്ങുകയായിരുന്നു.
നെടുമങ്ങാട് ഡിവൈഎസ്പി പി സുകേശന്‍ പാലോട് സിഐ എന്നിവര്‍ക്കാണ് പരുക്കേറ്റത്. പൊലീസുകാരില്‍ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആറ് പേരെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. പരുക്ക് ഗുരുതരമല്ലാത്തവര്‍ക്ക് പാലോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു നാട്ടുകാര്‍ പൊലീസിനെ തടുക്കാനെത്തിയത്.
ഏതാനും മണിക്കൂര്‍ നീണ്ട സംഘര്‍ഷാവസ്ഥയ്ക്ക് ശേഷം സ്ഥിതി ശാന്തമായി. പൊലീസിന്‍റെ സഹായത്തോടെ തന്നെ ഉദ്യോഗസ്ഥര്‍ ഓഫീസിലെ സാധനങ്ങള്‍ പുതിയ സ്ഥലത്തേക്ക് മാറ്റി.