സ്വാതന്ത്ര്യസമരസേനാനിയും കേരളത്തിലെ ഗോവധനിരോധന പ്രസ്ഥാനത്തിന്‍റെ മുന്‍ നിര അംഗവുമായ സ്വാമി പരമേശ്വരാനന്ദസരസ്വതി (89) സമാധിയായി.ഇരുനിലംകോട്ട ജ്ഞാനാനന്ദകുടീരത്തിലായിരുന്നു സമാധി.
പതിമൂന്നാം വയസില്‍ നാടുവിട്ട പരമേശ്വരാനന്ദസരസ്വതി ഗാന്ധിജി, വീരസവര്‍ക്കര്‍, സുഭാഷ് ചന്ദ്രബോസ്, ഡോ. ഹെഡ്ഗേവാര്‍, രവീന്ദ്രനാഥ ടാഗോള്‍, സ്വാമി അഭേദാനന്ദ മഹാരാജ്, വിരജാനന്ദസ്വാമികള്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിനിടെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് അദ്ദേഹം അറസ്റ്റ് വരിക്കുകയും ചെയ്തിട്ടുണ്ട്.
അഖിലഭാരത ഹിന്ദുധര്‍മസംഘത്തിന്‍റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായിട്ടാണ് കേരളത്തിലെത്തുന്നത്. 1957 മുതല്‍ 62 വരെ കേസരി വാരികയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് കന്യാകുമാരിയില്‍ വിവേകാനന്ദശിലാ സ്മാരക സമിതിയുടെ ചുമതല ഏറ്റെടുത്തു. കെ. കേളപ്പന്‍ നയിച്ച ക്ഷേത്രവിമോചന പ്രസ്ഥാനങ്ങളില്‍ പരമേശ്വരാനന്ദ സരസ്വതി നിര്‍ണ്ണായക പങ്ക് വഹിച്ചു.
1924 ആഗസ്റ്റ് 14 ന് തിരുവനന്തപുരം ജില്ലയിലെ മുദാക്കലിലാണ് അദ്ദേഹം ജനിച്ചത്. പൂര്‍വ്വാശ്രമത്തില്‍ സാധുശീലന്‍ പരമേശ്വരന്‍പിള്ള എന്നറിയപ്പെട്ടിരുന്ന അദ്ദേഹം അറുപതാം വയസിലാണ് ജ്ഞാനാനന്ദസരസ്വതി സ്വാമികളില്‍നിന്ന് സന്യാസദീക്ഷ സ്വീകരിച്ചത്. തുടര്‍ന്നാണ് സ്വാമി പരമേശ്വരാനന്ദയെന്ന പേരു സ്വീകരിച്ചത്.
ഹിന്ദുധര്‍മപരിചയം, ഷോഡശകര്‍മങ്ങള്‍, കന്യാകുമാരി മുതല്‍ കപിലവസ്തുവരെ തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 2004 ല്‍ ജന്മാഷ്ടമി പുരസ്കാരവും 2005 ല്‍ സ്വാമി സിദ്ധിനാഥാനന്ദ പുരസ്കാരവും ലഭിച്ചു.