ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » പഠനം എട്ടാം ക്ലാസില്‍, ഹോബി ബൈക്ക്‌ മോഷണം (Student theft bikes for pocket-money)
Feedback Print Bookmark and Share
 
എട്ടാം ക്ലാസുകാരന്‍ പോക്കറ്റ്മണി കണ്ടെത്തുന്നത് ബൈക്ക് മോഷണം നടത്തി! എല്ലാ കാര്യത്തിനും വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ. അപ്പോള്‍പ്പിന്നെ എളുപ്പവഴിക്ക് പണം കണ്ടെത്തിക്കളയാമെന്ന ചിന്തയാണ് മലപ്പുറം ഇരുമ്പൂഴി വടക്കേമുറി സ്വദേശിയായ വിദ്യാര്‍ത്ഥിയെ കുടുക്കിയത്.

പഠനത്തിന്‍റെ ഇടവേളകളില്‍ ബൈക്ക് മോഷണം നടത്തി മറിച്ചുവില്‍ക്കുന്ന പയ്യനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പയ്യന്‍സിന്‍റെ കയ്യില്‍ നിന്ന് ബൈക്ക് വാങ്ങിയ നാലുപേരേയും പൊലീസ് പൊക്കി. കോട്ടയ്ക്കല്‍ ബസ്സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചായിരുന്നു പയ്യന്‍സ് ബൈക്ക് മോഷണം നടത്തിയിരുന്നത്.

ഇത്തരത്തില്‍ മോഷ്ടിച്ച ഒരു ബൈക്കുമായി ചെത്തിയടിച്ച് കറങ്ങുമ്പോഴാണ് പയ്യന്‍സ് പൊലീസിന്‍റെ വലയില്‍പ്പെടുന്നത്. ബൈക്ക് യാത്രക്കാരെയെല്ലാം ഇടയ്ക്ക് കുഴയ്ക്കാറുള്ള പൊലീസ് മലപ്പുറം മുണ്ടുപറമ്പില്‍ വെച്ച്‌ പയ്യനേയും കൈകാണിച്ചു നിര്‍ത്തി. ലൈസന്‍സും പേപ്പറുകളുമില്ലാത്തതിനെ തുടര്‍ന്ന് പൊലീസ് നന്നായിട്ടൊന്ന് വിരട്ടി. വിരട്ടല്‍ ശരിക്കുമേറ്റു, ബൈക്ക് സ്വന്തമല്ലെന്നും പൊക്കിയതാണെന്നും അറിയാതെ വായില്‍നിന്ന് വന്നുപോയി.

പയ്യന്‍സിനെ പൊലീസ് പൊക്കിയെടുത്ത് ജീപ്പിലിട്ടു. നിനച്ചിരിക്കാതെ ഒരു ഇരയെ കിട്ടിയതിന്‍റെ ആവേശത്തിലായിരുന്നു പൊലീസ്. പൊലീസ് സ്റ്റൈലില്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ പയ്യന്‍സ് കാര്യങ്ങള്‍ മണിമണിയായി പറഞ്ഞു. അങ്ങനെയാണ് പയ്യനില്‍ നിന്ന് ബൈക്ക് വാങ്ങിയ നാലുപേരെ പൊലീസ് പൊക്കിയത്. പെരിങ്ങോട്ടുകുളം പൂളാത്ത്‌ സൈനുദ്ദീന്‍ (38), എരുമത്തടം കുളത്തറ തൊടിയക്കാട്ടില്‍ അമീറലി (23), ഇരുമ്പൂഴി പുല്ലഞ്ചേരി അബ്ദുള്‍ സമദ്‌ (24), എരുമത്തടം ചക്കംപള്ളി സിദ്ദീഖ്‌ (20) എന്നിവരാണ് അറസ്റ്റിലായത്

മോഷ്ടിച്ച ബൈക്കാണെന്ന് അറിഞ്ഞുകൊണ്ടായിരുന്നു ഇവര്‍ ബൈക്ക് വാങ്ങിയത്. അതുകൊണ്ടാണ് ഇവരേയും അറസ്റ്റ് ചെയ്തത്. മോഷ്ടിക്കുന്ന ബൈക്കുകള്‍ നമ്പര്‍ മാറ്റി മറിച്ചുവില്‍ക്കുകയാണ് പയ്യന്‍ ചെയ്തിരുന്നത്. വിലകുറച്ച് ബൈക്ക് കിട്ടുമെന്നതിനാല്‍ പലരും ബൈക്ക് വാ‍ങ്ങാന്‍ തയ്യാറായി. ഇത്തരത്തില്‍ നിരവധി ബൈക്കുകള്‍ പയ്യന്‍സ് വില്പന നടത്തി എന്നാണ് പൊലീസ് പറയുന്നത്. എന്തായാലും ഭാവിയിലെ ഒരു പെരുങ്കള്ളനെയാണ് പൊലീസ് മുളയിലേ നുള്ളിക്കളഞ്ഞത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍