തിരുവനന്തപുരം, ബുധന്‍, 14 ഒക്ടോബര്‍ 2009( 20:04 IST )
PRO
വരുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ സി പിയുമായി സഹകരിക്കുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. അതേസമയം, പി ഡി പിയുടെ നിലപാട് നോക്കിയതിനു ശേഷം മാത്രമായിരിക്കും അവരുമായി ഉപതിരഞ്ഞെടുപ്പില്‍ സഹകരിക്കുന്നതെന്നും വിശ്വന്‍ പറഞ്ഞു.
ഇടതുമുന്നണി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിശ്വന്‍ ഇക്കാര്യം അറിയിച്ചത്. എന്‍ സി പിക്കു പുറമേ, ഐ എന്‍ എല്ലുമായി സഹകരിക്കുമെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ പ്രതികരിക്കുമെന്നാണ് പ്രതീക്ഷ. ആസിയാന്‍ കരാറിനെതിരായ പ്രതിഷേധം ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകണം. കാര്‍ഷിക മേഖലയെ തളര്‍ത്തുന്ന നിലപാടാണ് കേന്ദ്രത്തിന്‍റേത്. പെട്രോളിയം ഉത്പന്നങ്ങളുടെ വില ഇന്ത്യയില്‍ മാത്രമാണ് ഉയര്‍ന്നു നില്‍ക്കുന്നത് - വിശ്വന്‍ പറഞ്ഞു.
എല്‍ ഡി എഫ് സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങളും വാര്‍ത്താ സമ്മേളനത്തില്‍ വൈക്കം വിശ്വന്‍ നിരത്തി. കാര്‍ഷിക - പൊതുമേഖലാ രംഗങ്ങളില്‍ മുന്നേറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഫലത്തില്‍ കൊണ്ടുവന്നു. വിദ്യാഭ്യാസ രംഗത്തും ആരോഗ്യരംഗത്തും നേട്ടമുണ്ടാക്കി. ക്രമസമാധാന നിലയില്‍ ഏറെ മുന്നേറ്റമുണ്ടാക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാരിന് കഴിഞ്ഞെന്നും വൈക്കം വിശ്വന്‍ അവകാശപ്പെട്ടു.