തിരുവനന്തപുരം, ബുധന്‍, 14 ഒക്ടോബര്‍ 2009( 12:29 IST )
PRO
വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്നര്‍ ടെര്‍മിനലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം മുതല്‍ ആരംഭിക്കാന്‍ ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പദ്ധതിക്കാവശ്യമായ അടിസ്ഥാന സൌകര്യ വികസനത്തിനായി 450 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അടിസ്ഥാന സൌകര്യം, റോഡ് വികസനം എന്നിവയ്ക്ക് വേണ്ടിയാണ് തുക വകയിരുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ കമ്പനിയായ വി ഐ എസ് എല്‍ മുഖേനയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. മൂന്നു ഘട്ടങ്ങളായി 12 മുതല്‍ 18 മാസത്തിനകം ഗതാഗതം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനായി സ്വകാര്യ പങ്കാളിയെ കണ്ടെത്തുന്നതിന് വീണ്ടും ആഗോള ടെന്‍ഡര്‍ വിളിക്കാനും മന്ത്രിസഭ തീരുമാനിച്ചു. 2010ല്‍ സ്വകാര്യ പങ്കാളിയെ കണ്ടെത്താനാകുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷയെന്ന് വി എസ് പറഞ്ഞു. കായിക രംഗത്തെ വികസനം ലക്‍ഷ്യമാക്കിയുള്ള സംസ്ഥാന കായിക കമ്മീഷന്‍റെ ശുപാര്‍ശകള്‍ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
ശോഭാ ഹൈടക്സിറ്റി പോലുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്തുവരികയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. പത്മാ അവാര്‍ഡ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി കൃത്യമായി മറുപടി നല്‍കിയില്ല. മന്ത്രിസഭാ ഉപസമിതിയാണ് രണ്ടുപേരുകള്‍ പത്മാ അവാര്‍ഡ് കമ്മിറ്റിക്ക് ശുപാര്‍ശ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ രഹസ്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കാനാഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.