സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച എറണാകുളം, ആലപ്പുഴ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാന്‍ സി പി എം ജില്ലാ കമ്മിറ്റി ഇന്ന് യോഗം വീണ്ടും ചേരും. ഇന്നലെ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നിരുന്നെങ്കിലും ആരെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
എറണാകുളത്ത് മുതിര്‍ന്ന നേതാവായിരുന്ന കെ ബാലചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സി പി എം ജില്ലാ സെക്രട്ടേറിയറ്റ് ഇന്നലെ തീരുമാനിച്ചിരുന്നു. മുന്‍മേയറും, ജി സി ഡി എ ചെയര്‍മാനുമായ ബാലചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍, എട്ടുവര്‍ഷമായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ബാലചന്ദ്രന്‍ മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടില്ല. ഇന്ന് ചെരുന്ന ജില്ലാ കമ്മിറ്റി അന്തിമ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. മുന്‍ ഏരിയാ സെക്രട്ടറി കെ എന്‍ ഉണ്ണികൃഷ്ണന്‍, ഡി വൈ എഫ് ഐ നേതാവ് എം അനില്‍കുമാര്‍ എന്നിവരാണ് ജില്ലാ കമ്മിറ്റിയുടെ പരിഗണനയിലുള്ള മറ്റുള്ളവര്‍.
സി പി ഐയുടെ മണ്ഡലമായ ആലപ്പുഴയില്‍ ജില്ലാ നേതൃത്വം തയ്യാറാക്കിയ പട്ടിക ഇന്ന് സംസ്ഥാന എക്സിക്യൂട്ടീവ് ചര്‍ച്ച ചെയ്യും. എഐവൈഎഫ് ജില്ലാ പ്രസിഡന്‍റ് ജി കൃഷ്ണപ്രസാദ്, ജില്ലാ ജോയിന്‍റ് സെക്രട്ടറി, പി എസ് എം ഹുസൈന്‍, പാര്‍ട്ടി ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറി എ എം ചന്ദ്രശര്‍മ എന്നിവരെയാണ് ജില്ലാ കമ്മിറ്റി നിര്‍ദ്ദേശിച്ചത്. പാര്‍ട്ടി സംസ്ഥാന സമിതി അംഗം കൂടിയായ ചന്ദ്രശര്‍മയ്ക്കാണ് ആലപ്പുഴയില്‍ മുന്‍തൂക്കം എന്നാണ് സൂചന.
അതേസമയം, കണ്ണൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി സി പി എം ജില്ലാ നേതൃത്വം തീരുമാനിച്ച എം വി ജയരാജനുവേണ്ടി ചുവരെഴുത്ത് തുടങ്ങി. ജയരാജന്‍റെ സ്ഥാനാര്‍ത്ഥിത്വം സംസ്ഥാന നേതൃത്വം അംഗീകരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് അദ്ദേഹത്തിന് വേണ്ടി ചുവരെഴുത്ത് ആരംഭിച്ചത്. കരുത്തനായ സ്ഥാനാര്‍ത്ഥിയിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്നാണ് സി പി എമ്മിന്‍റെ പ്രതീക്ഷ.