തിരുവനന്തപുരം, ഞായര്‍, 4 ഒക്ടോബര്‍ 2009( 17:11 IST )
PRO
അമരവിളയും ഇനി അഴിമതി രഹിത ചെക് പോസ്റ്റാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ചെക് പോസ്റ്റില്‍ പുതിയ ഉദ്യോഗസ്ഥരെ നിയമിച്ച ശേഷം ഇവിടെ സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. ഗുണ്ടാ ശല്യമുള്ള ചെക് പോസ്റ്റുകളില്‍ കൂടുതല്‍ പൊലീസുകാരുടെ സേവനം വിനിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് അമരവിള ചെക് പോസ്റ്റിലാണെന്ന് മന്ത്രി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. വാളയാര്‍ മോഡല്‍ പദ്ധതിയാണ് അഴിമതി തടയാനായി അമരവിളയിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. അമരവിളയിലെ അഴിമതി സംബന്ധിച്ച മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് മന്ത്രിയുടെ നീക്കം. മാധ്യമങ്ങളുടെ ഇത്തരം നീക്കത്തെ മന്ത്രി പ്രശംസിക്കുകയും ചെയ്തു.
പുതുതായി നിയമിച്ച ജീവനക്കാര്‍ക്ക് താമസ സൌകര്യമുള്‍പ്പെടെ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. 20 രൂപ പോലും അമരവിളയില്‍ ഇനി കൈക്കൂലിയായി ഈടാക്കില്ലെന്ന ഉറപ്പുനല്‍കാനും മന്ത്രി മറന്നില്ല. അമരവിളയില്‍ നിയമിച്ച ഉദ്യോഗസ്ഥരില്‍ തനിക്ക് പുര്‍ണ്ണവിശ്വാസമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചെക് പോസ്റ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പുറത്തുനിന്നുള്ള ആരെയും ഇടപെടുത്തില്ലെന്നും തോമസ് ഐസക് പറഞ്ഞു. ചെക് പോസ്റ്റുകളിലെ ഫോമുകള്‍ പൂരിപ്പിക്കാനും മറ്റും ഡ്രൈവര്‍മാരെ സഹായിക്കാനായി പുറത്തുനിന്നുള്ള ഏതാനും പേര്‍ എത്താറുണ്ടായിരുന്നു. എന്നാല്‍ ഇതനുവദിക്കില്ലെന്നും ഡ്രൈവര്‍മാരെ സഹായിക്കാനും മറ്റുമായി രണ്ട് ക്ലാര്‍ക്കുമാരെ ചെക് പോസ്റ്റില്‍ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു
ജനപിന്തുണയോടെ ചെക് പോസ്റ്റുകളിലെ അഴിമതി അവസാനിപ്പിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ചെക് പോസ്റ്റിലെ അഴിമതി നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ അമരവിളയിലെ സമീപ പഞ്ചായത്തുകളുടെ സേവനവും പ്രയോജനപ്പെടുത്തും. ഇതിന്‍റെ ഭാഗമായി സമീപ പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വാളയാറിലും ഇതേ നയമാണ് അനുവര്‍ത്തിക്കുന്നതെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. കേരള തമിഴ്നാട് അതിര്‍ത്തിയിലാണ് അമരവിള ചെക് പോസ്റ്റ്. വാണിജ്യ നികുതി വകുപ്പിനാണ് ചെക് പോസ്റ്റിന്‍റെ ചുമതല.