തിരുവനന്തപുരം, ബുധന്‍, 23 സെപ്റ്റംബര്‍ 2009( 17:50 IST )
ആദിവാസി വനാവകാശ നിയമപ്രകാരമുള്ള ഭൂമി വിതരണത്തിന്‍റെ ആദ്യഘട്ടം നവംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍ പറഞ്ഞു. ഇതിനായി വനത്തിനുള്ളില്‍ സര്‍വ്വേ നടത്താനായി ആധുനിക സംവിധാനങ്ങളുപയോഗിച്ച് പരിശീലനം നേടിയ സര്‍വെയര്‍മാരെ നിയോഗിച്ചിട്ടുണ്ട്.
ഓരോ ആദിവാസികുടുംബത്തിനും ഒരു ഏക്കര്‍ ഭൂമിയെങ്കിലും ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്‍റെ ലക്‌ഷ്യമെന്നും മന്ത്രി പറഞ്ഞു. ആദിവാസി വനാവകാശ നിയമപ്രകാരം ഭൂമിവിതരണത്തിന്‍റെ പ്രവര്‍ത്തനം വിലയിരുത്തുന്നത് സംബന്ധിച്ച് തൈക്കാട് ഗസ്‌റ്റ് ഹൌസില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദിവാസി ഭൂമി വിതരണത്തിന് സര്‍ക്കാര്‍ ഇച്‌ഛാശക്തി കാണിക്കണമെന്ന് പട്ടിക ജാതി-വകുപ്പ് മന്ത്രി എ കെ ബാലന്‍ ഇന്ന് രാവിലെ പറഞ്ഞിരുന്നു. ഇതിന് മറുപടിയെന്നോണമാണ് രാജേന്ദ്രന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം, പട്ടികജാതിവര്‍ഗ്ഗ ക്ഷേമമന്ത്രി എ കെ ബാലന്‍, ചീഫ് സെക്രട്ടറി നീലാ ഗംഗാധരന്‍, വകുപ്പ് സെക്രട്ടറിമാര്‍, ജില്ലാ കളക്‌ടര്‍മാര്‍, ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.