തിരുവനന്തപുരം, ചൊവ്വ, 22 സെപ്റ്റംബര്‍ 2009( 10:34 IST )
ജനതാദളിന്‍റെ യു ഡി എഫ് പ്രവേശനത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി യു ഡി എഫ് ഉന്നതാധികാര സമിതി ഇന്ന് യോഗം ചേരുന്നു. ഉച്ചകഴിഞ്ഞ മൂന്ന് മണിക്ക് കൊച്ചിയിലാണ് യോഗം ചേരുന്നത്.
ജനതാദളിന്‍റെ പ്രവേശനം സംബന്ധിച്ച് യു ഡി എഫ് സബ് കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിക്കും. തുടര്‍ന്ന് ജനതാദളിന്‍റെ മുന്നണി പ്രവേശം ഔദ്യോഗികമായി പ്രഖ്യാപിച്ചതിനുശേഷം എം പി വീരേന്ദ്രകുമാര്‍ അടക്കമുള്ള നേതാക്കളെ യോഗത്തിലേക്ക് ക്ഷണിക്കുമെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ കൊച്ചിയില്‍ അറിയിച്ചു.
കൊച്ചിയിലെ ബി ടി എച്ച് ഹോട്ടലില്‍ നടക്കുന്ന യു ഡി എഫ് ഉന്നതാധികാര യോഗത്തില്‍ കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
അതേസമയം, യു ഡി എഫ് ഉന്നതാധികാര യോഗത്തിനു മുന്നോടിയായി ജനതാദള്‍ സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്‍റുമാരുടെയും യോഗം ഇന്ന് കൊച്ചിയില്‍ ചേരുന്നുണ്ട്.
ഇതിനു മുമ്പ് ഈ മാസം 15ന് ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗം യു ഡി എഫ് പ്രവേശനവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിരുന്നു. പക്ഷേ, ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.