കല്‍പ്പറ്റ, തിങ്കള്‍, 21 സെപ്റ്റംബര്‍ 2009( 13:25 IST )
PRD
വയനാട് ജില്ലയിലെ ആദിവാസി കോളനികളില്‍ മന്ത്രി എ കെ ബാലന്‍റെ സന്ദര്‍ശനം ജനകീയ മുന്നേറ്റമായി മാറി. മന്ത്രിയുടെ സന്ദര്‍ശനം കൊണ്ട് ഒട്ടേറെ ആദിവാസി കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിച്ചു. നിരവധി ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ മന്ത്രി ഉത്തരവിട്ടു.
മാനന്തവാടി പനവല്ലി ആദിവാസി കോളനിയിലെത്തിയ മന്ത്രി അവിടുത്തെ 49 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ ഉത്തരവിട്ടു. ആദിവാസികള്‍ക്കായി വീതിച്ചുനല്‍കാന്‍ പ്രദേശത്ത് 84 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. കോളനിയിലെ 52 അപേക്ഷകര്‍ക്ക് കൂടി ഭൂമി ലഭിച്ചേക്കും.
സന്ദര്‍ശനം അവസാനിച്ച കോളനികളിലാണ് കഴിഞ്ഞ രണ്ട് ദിവസവും മന്ത്രി അന്തിയുറങ്ങിയത്. കോളനികളിലെ ജനങ്ങള്‍ വന്‍ ആവേശത്തോടെയാണ് മന്ത്രിയെ സ്വീകരിച്ചത്. ആളുകളോട് കുശലം പറഞ്ഞും പരാതികള്‍ സ്വീകരിച്ച് അവ പരിഹരിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയുമായിരുന്നു മന്ത്രിയുടെ യാത്ര. മന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ആദിവാസികള്‍ തനത് കലാരൂപങ്ങള്‍ അവതരിപ്പിച്ചു.
ഭൂമി സംബന്ധിച്ച പരാതികളാണ് മിക്ക ആദിവാസി കുടുംബങ്ങളും മന്ത്രിക്ക് മുന്‍പാകെ സമര്‍പ്പിച്ചത്. പ്രശ്നം ഉടന്‍ പരിഹരിക്കാനാകുമെന്ന് മന്ത്രി ഉറപ്പുനല്‍കി. റേഷന്‍ കാര്‍ഡില്‍ ദാരിദ്യ രേഖയ്ക്ക് മുകളില്‍ ഉള്‍പ്പെടുത്തിയതിനെതിരേയും നിരവധി കുടുംബങ്ങള്‍ പരാതി നല്‍കി.