തിരുവനന്തപുരം, ചൊവ്വ, 15 സെപ്റ്റംബര്‍ 2009( 12:23 IST )
മുത്തൂറ്റ് പോള്‍ എം ജോര്‍ജ് വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഐ ജി വിന്‍സന്‍റ് എം പോള്‍ നടത്തിയ വാര്‍ത്താ സമ്മേളനം തെറ്റായിപ്പോയെന്ന് സി എം ദിനേശ് മണി എം എല്‍ എ. പ്രതികള്‍ക്ക് കേസ് ഡയറി കൈമാറുന്നതിന് തുല്യമായിപ്പോയി വാര്‍ത്താ സമ്മേളനമെന്നും ദിനേശ് മണി പറഞ്ഞു. ഇതാദ്യമായാണ് പൊലീസ് നടപടിക്കെതിരെ ഒരു സി പി എം നേതാവ് തന്നെ രംഗത്തുവരുന്നത്.
മാധ്യമങ്ങള്‍ അന്വേഷണം ഏറ്റെടുക്കേണ്ടെന്നും ദിനേശ് മണി നിയമസഭയില്‍ പറഞ്ഞു. പോള്‍ എം. ജോര്‍ജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 പേര്‍ അറസ്റ്റിലായെന്നും കൊലപാതകം യാദൃശ്ചികമായി സംഭവിച്ചതാണെന്നും എസ് ആകൃതിയിലുള്ള കത്തി ഉപയോഗിച്ചാണ് പോളിനെ കൊലപ്പെടുത്തിയതെന്നും ഐ ജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ചങ്ങനാശേരി സ്വദേശികളാണെന്നും തികച്ചും യാദൃശ്ചികമായ സംഭവവികാസങ്ങളാണ് പോള്‍ എം. ജോര്‍ജിന്റെ കൊലപാതകത്തിന് കാരണമായി തീര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയ്‌ക്കടുത്ത് ഒരാളെ സംരക്ഷിക്കാന്‍ വന്ന ചങ്ങനാശേരി സ്വദേശികളായ ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടവരാണ് കൊല നടത്തിയതെന്നും ഐജി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.