തിരുവനന്തപുരം, ചൊവ്വ, 15 സെപ്റ്റംബര്‍ 2009( 10:14 IST )
PRO
പറവൂര്‍ വടക്കേക്കര പൊലീസ് സ്റ്റേഷനിലെ എസ്‌ഐയെ ഡിവൈ എഫ് ഐ പ്രവര്‍ത്തകന്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. എസ് ഐയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രിക്ക് വേണ്ടി മറുപടി നല്‍കിയ മന്ത്രി എം വിജയകുമാര്‍ പറഞ്ഞു.
പ്രതിപക്ഷം വസ്തുതകളെ സാമാന്യവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും ചെറിയ സംഭവങ്ങളെ ഊതിപ്പെരുപ്പിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ മറുപടിയെതുടര്‍ന്ന് സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് നിഷേധിച്ചു. ഇതിനെ തുടര്‍ന്നാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്.
സി പി എം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുന്നത് നിത്യ സംഭവമായിരിക്കുകയാണെന്നും എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള മുപ്പത്തിമൂന്നാമത്തെ ആക്രമണമാണിതെന്നും അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയ വി ഡി സതീശന്‍ എം എല്‍ എ ആരോപിച്ചു. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
പറവൂര്‍ വടക്കേക്കര പൊലീസ് സ്റ്റേഷനിലെ എസ് ഐ ടിവി ഷിബു (30) വിനു നേരെയാണ് ഇന്നലെ ആക്രമണം ഉണ്ടായത്. ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ശുപാര്‍ശ പറയാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയ ഡിവൈഎഫ്‌ഐ നേതാവുമായി വാക്കു തര്‍ക്കമുണ്ടാവുകയും തുടര്‍ന്നുണ്ടായ മല്‍പ്പിടുത്തത്തില്‍ എസ്‌ഐ വലതുകൈയിന്റെ എല്ല് ഒടിയുകയുമായിരുന്നു.
എസ് ഐ പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ചേണ്ടമംഗലം അഞ്ചാംപരത്തി ഫസല്‍ റഹ്മാനെ (32) അറസ്റ്റു ചെയ്തിരുനു. ഡിവൈഎഫ്‌ഐ വില്ലേജ് കമ്മിറ്റിയംഗമാണ്. തത്തപ്പിള്ളിയില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളുടെ വീടാക്രമിച്ച കേസിലെ പ്രതിയാണ് ഇയാള്‍ എന്നു പൊലീസ് പറഞ്ഞു.