തിരുവനന്തപുരം, ശനി, 12 സെപ്റ്റംബര്‍ 2009( 11:01 IST )
PRO
ഗുണ്ടകളെ സംരക്ഷിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് കെ പി സി സി പ്രസിഡന്‍റ് രമേശ് ചെന്നിതതല. പൊലീസ് സ്റ്റേഷന്‍റെ മുന്നില്‍ ബോബുണ്ടാക്കുമെന്ന് പറഞ്ഞ ആളാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു രാഷ്ട്രീയ നേതാവും സ്വീകരിക്കാത്ത സമീപനമാണ് പോള്‍ വധക്കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സ്വീകരിച്ചത്. പിണറായി അപവാദ പ്രചാരണം നിര്‍ത്താന്‍ തയ്യാറാകണം. യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങള്‍ക്ക് നേരെ സി പി എം കുതിരകയറുകയാണ്. പിണറായി വിജയന്‍റെ മുഖംമൂടി ഇതോടെ അഴിഞ്ഞുവീണെന്നും ചെന്നിത്തല ആരോപിച്ചു. കെ സുധാകരന്‍റെ രക്തം കുടിക്കാനുള്ള ശ്രമം വിലപ്പോവില്ല. കണ്ണൂരിലെ ജനങ്ങളാണ് സുധാകരനെ അന്‍പതിനായിരം വോട്ടിന് ജയിപ്പിച്ചതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
എല്ലാ ഗുണ്ടകളേയും വെള്ള പൂശാനാണ് പിണറായി ശ്രമിക്കുന്നത്. ഗുണ്ടകളുടെ വക്കാലത്ത് പിണറായി ഏറ്റെടുത്തുകഴിഞ്ഞു. ഓംപ്രകാശുമായി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബന്ധമില്ല. എം പിമാരായി തെരഞ്ഞെടുക്കപ്പെട്ട എം എല്‍ എമാരായിരുന്ന മൂന്ന് പേരോടും ഇക്കാര്യം അന്വേഷിച്ചു എന്നും ചെന്നിത്തല അറിയിച്ചു. ഇപ്പോള്‍ എം പിയായ ഒരു മുന്‍ എം എല്‍ എയുടെ ക്വാര്‍ട്ടേഴ്സില്‍ ഓംപ്രകാശ് താമസിച്ചു എന്ന് പിണറായി വിജയന്‍ ഇന്നലെ ആരോപിച്ചിരുന്നു.
കേസ് വഴിതിരിച്ചുവിടാന്‍ ഭരണത്തില്‍ സ്വാധീനമുള്ളവര്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെയുള്ള ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്. ബോംബ് നിര്‍മ്മിച്ച് അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു പാര്‍ട്ടി കോണ്‍ഗ്രസിനെതിരെ നടത്തുന്ന കള്ളപ്രചാരണം നിര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.