നടന്‍ മുരളിയുടെ സ്മരണ നിലനിര്‍ത്തുന്ന തരത്തില്‍ അന്താരാഷ്‌ട്ര നിലവാരമുള്ള നാടകാവതരണ കേന്ദ്രം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് സാംസ്കാരിക മന്ത്രി എം എ ബേബി. കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി, കേരള സാഹിത്യ അക്കാദമി, കേരള ഫോക്‌ലോര്‍ അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തില്‍ റീജിയണല്‍ തിയേറ്ററില്‍ സംഘടിപ്പിച്ച ഭരത് മുരളി അനുശോചന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.
തൃശൂര്‍ നഗരത്തിലോ പ്രാന്തപ്രദേശത്തോ നാടകാവതരണ കേന്ദ്രത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തും. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള രംഗവേദി സ്ഥാപിക്കണമെന്നത് സംഗീത നാടക അക്കാദമി പ്രസിഡന്റായിരുന്ന മുരളിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹം സഫലീകരിക്കാന്‍ സത്വര നടപടികള്‍ എടുക്കും.
അതോടെ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമെന്ന തൃശൂരിന്റെ വിളിപ്പേര് തീര്‍ത്തും അന്വര്‍ത്ഥമാവും. ഗൗരവമുള്ള ആസ്വാദകര്‍ കുറഞ്ഞുവരുന്ന ഇക്കാലത്തെ നല്ല ആസ്വാദകനായിരുന്നു മുരളിയെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ മന്ത്രി കെ പി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പൊതുജനങ്ങളെ കൂടുതല്‍ ഉള്‍ക്കൊള്ളിച്ച് വിപുലമായ അനുസ്‌മരണ സമ്മേളനം സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു അഡ്വ തേറമ്പില്‍ രാമകൃഷ്‌ണന്‍ എംഎല്‍എ അനുശോചന പ്രമേയം അവതരിപ്പിച്ചു
സിനിമാ സംവിധായകന്‍ പ്രിയനന്ദനന്‍, സാഹിത്യ അക്കാദമി പ്രസിഡന്റ് എം മുകുന്ദന്‍, സെക്രട്ടറി പുരുഷന്‍ കടലുണ്ടി, സംഗീത നാടക അക്കാദമി സെക്രട്ടറി പ്രഭാകരന്‍ പഴശ്ശി, കലാമണ്‌ഡലം വൈസ് ചാന്‍സലര്‍ കെ ജി പൗലോസ്, ബാബു എം പാലിശേരി എം എല്‍ എ, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ ഡി വേണു, പി കെ പോക്കര്‍, ഡോ എ കെ നമ്പ്യാര്‍, വി കെ ശ്രീരാമന്‍, ജയരാജ് വാര്യര്‍ എന്നിവരും പങ്കെടുത്തു