എ കെ ആന്‍റണിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ കോണ്‍ഗ്രസില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് 1981ല്‍ കെ കരുണാകരന്‍ സ്വീകരിച്ചതെന്ന് കെ പി സി സി വക്താവ് എം എം ഹസ്സന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ദിരാഗാന്ധി മുന്‍കൈ എടുത്തതോടെയാണ് 1981ല്‍ എ കെ ആന്‍റണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് കോണ്‍ഗ്രസില്‍ തിരികെയെത്താന്‍ കഴിഞ്ഞതെന്നും ഹസ്സന്‍ പറഞ്ഞു. കോണ്‍ഗ്രസ് വഴിയമ്പലമല്ലെന്ന് കോഴിക്കോടും അദ്ദേഹം ആവര്‍ത്തിച്ചു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വായില്‍ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞിട്ട് മുരളിക്ക് തോന്നുമ്പോള്‍ വരാനും, പോകാനും കോണ്‍ഗ്രസ് വഴിയമ്പലമല്ലെന്ന് ഹസ്സന്‍ പറഞ്ഞിരുന്നു. ഇതിനു മറുപടിയായി 1981ല്‍ കരുണാകരന്‍ ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ എം എം ഹസന്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ കാണില്ലായിരുന്നു എന്നാണ് മുരളി തിരിച്ചടിച്ചത്. ഇതിനുള്ള മറുപടിയാണ് ഹസ്സന്‍റെ ഇന്നത്തെ പ്രസ്താവന.