എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ കെ മുരളീധരനെ കോണ്‍ഗ്രസില്‍ എടുക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. എന്‍ സി പിയെ യു ഡി എഫില്‍ എടുക്കുന്ന കാര്യത്തിലും യു ഡി എഫില്‍ ചര്‍ച്ച ഒന്നും നടന്നിട്ടില്ലെന്നും ഇക്കാര്യത്തില്‍ ഒട്ടേറെ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്‌ടെന്നും ഉമ്മന്‍ചാണ്‌ടി പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഭീകരവാദ കേസുകള്‍ അന്വേഷിക്കുന്നതില്‍ സര്‍ക്കാരിന് വന്‍ വീഴ്ച പറ്റിയതായി ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ലാഘവ ബുദ്ധിയോടെയാണ് ഭീകര പ്രവര്‍ത്തനത്തെ സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ ഗുരുതരമായ സാഹചര്യമാണുള്ളത്. തീവ്രവാദ സംഘടനകള്‍ കേരളത്തെ ലക്‌ഷ്യം വയ്ക്കുന്നതിന് പകരം, കേരളത്തില്‍ നിന്ന് ചെറുപ്പക്കാരെ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുകയാണ്.
തീവ്രവാദി നേതാക്കള്‍ സംസ്ഥാനത്തെത്തി ഇവിടുത്തെ യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നു. കാശ്മീരില്‍ നാലു മലയാളി തീവ്രവാദികള്‍ വെടിയേറ്റു മരിച്ചപ്പോഴാണ് ഇക്കാര്യം നാമറിഞ്ഞത്. തികച്ചും ആപല്‍ക്കരമാണ് സംസ്ഥാനത്തെ സാഹചര്യമെന്നും അദ്ദേഹം ചൂണ്‌ടിക്കാട്ടി. ഇതെല്ലാം നടന്നിട്ടും അതിനെ വളരെ ലാഘവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഈ സ്ഥിതി കേരളത്തിലെ നിയമവാഴ്ചയ്ക്ക് ഭീഷണിയായി വരുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
|