സ്വാശ്രയകരാര്‍ ഒരു കാരണവശാലും പുന:പരിശോധിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി എം എ ബേബി വ്യക്തമാക്കി. സ്വാശ്രയ കരാറിനെതിരെ സി പി ഐ മന്ത്രിമാര്‍ രംഗത്ത് വന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസമന്ത്രിയുടെ ഈ പ്രസ്താവന. അഞ്ചാലമ്മൂട്ടില്‍ ഒരു പൊതുചടങ്ങില്‍ സംബന്ധിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീരുമാനം എടുക്കുന്ന ഘട്ടങ്ങളില്‍ സംസാരിയ്ക്കാതെ ഇപ്പോള്‍ വിയോജിപ്പ് പറയുന്നതില്‍ കാര്യമില്ല. മന്ത്രിമാര്‍ക്ക് വിയോജിപ്പുണ്ടെങ്കില്‍ അത് പറയേണ്ടത് മാധ്യമങ്ങളോടല്ലെന്നും ഉത്തരവാദിത്തപ്പെട്ട വേദികളിലാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം, എ ഐ എസ് എഫിന്‍റെ സമ്മേളനവേദിയില്‍ മന്ത്രി സി ദിവാകരനും, ബിനോയ് വിശ്വവും നടത്തിയ പ്രസ്താവനകളോടുള്ള മറുപടിയായിട്ടാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.
ഒരു കാരണവശാവും കരാര്‍ പുന:പരിശോധിയ്ക്കില്ല. സ്വാശ്രയകരാര്‍ ഇപ്പോള്‍ ഉള്ള രൂപത്തില്‍ തന്നെ നടപ്പിലാക്കും. ഫീസ് വര്‍ദ്ധിപ്പിച്ചുവെന്നത് സത്യമാണ്. എന്നാല്‍ മാനേജ്മെന്‍റ് സീറ്റില്‍ വാങ്ങുന്നതിന്‍റെ പകുതിയില്‍ താഴെയാണ് മെറിറ്റ് സീറ്റിലെ ഫീസ് എന്ന വസ്തുത കാണാതിരിക്കരുത്. വിദ്യാഭ്യാസ വകുപ്പ് വേണ്‌ട രീതിയില്‍ ആലോചിച്ച് തന്നെയാണ് കരാറില്‍ ഏര്‍പ്പെട്ടത്. സര്‍ക്കാരിന് ഒട്ടേറെ പരിമിതികളുണ്‌ട്. ഇത് എല്ലാവരും മനസ്സിലാക്കണം. ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ ആദ്യപാപം ചെയ്ത യു ഡി എഫിനെ എന്തുകൊണ്‌ട് വെറുതെ വിട്ടുവെന്ന ചോദ്യവും മന്ത്രി ഉയര്‍ത്തി.
സ്വശ്രയ കരാറിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ സി പി ഐ മന്ത്രിമാരായ സി ദിവാകരനും, ബിനോയ് വിശ്വവും രംഗത്തു വന്നിരുന്നു. കൊല്ലത്ത് എ ഐ എസ് എഫിന്‍റെ സമ്മേളനവേദിയിലാണ് രണ്ട് മന്ത്രിമാരും സ്വാശ്രയ കരാറിനെതിരെയുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ചാരായഷാപ്പ് നടത്തുന്നതുപോലെയാണ് ഇപ്പോള്‍ സംസ്ഥാനത്ത് സ്വാശ്രയ കോളജുകള്‍ നടത്തുന്നതെന്ന് മുതിര്‍ന്ന ആര്‍ എസ് പി നേതാവ് കെ പങ്കജാക്ഷനും ഇന്ന് ആരോപിച്ചിരുന്നു. എസ് എഫ് ഐയും, ഡി വൈ എഫ് ഐയും ഇതിനകം തന്നെ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. |