ഇന്ന് കര്‍ക്കടക വാവ്. മണ്‍മറഞ്ഞവരുടെ ആത്മശാന്തിക്കായി ബലികര്‍മ്മങ്ങള്‍ അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ വിവിധ ബലിതര്‍പ്പണ കേന്ദ്രങ്ങളിലെത്തി. ആലുവ മണല്‍പ്പുറം, തിരുവനന്തപുരത്തെ ശംഖുമുഖം കടപ്പുറം , തിരുവല്ലം പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം കടപ്പുറം , പാലക്കാട്ടെ തിരുവില്വാമല, തിരൂരിലെ തിരുനാവായ, കോഴിക്കോട്ടെ വരയ്ക്കല്‍ കടപ്പുറം , വയനാട്ടിലെ തിരുനെല്ലി പാപനാശിനി തീര്‍ഥം, എന്നിവടങ്ങളിലാണ് പ്രധാനമായും ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത്.
ബലി തര്‍പ്പണ കേന്ദ്രങ്ങളില്‍ പുലര്‍ച്ചെ മൂന്നുമണിമുതല്‍ തന്നെ ചടങ്ങുകള്‍ തുടങ്ങി. ആലുവ ശിവക്ഷേത്രത്തില്‍ പെരിയാര്‍ കരകവിഞ്ഞ് ആറാട്ട് നടന്നതിനുശേഷമാണ് ഇത്തവണ ബലിതര്‍പ്പണം. ഭക്തജനങ്ങളുടെ സൗകര്യങ്ങള്‍ക്കായി വിപുലമായ സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ആലുവ മണല്‍പ്പുറം ചെളിയില്‍ മൂടിക്കിടക്കുന്നത് ഭകത ജനങ്ങളെ ബുദ്ധിമുട്ടിലാക്കി.
ആലുവയില്‍ 75 ഓളം ബലിത്തറകളാണ് ഒരുക്കിയിട്ടുള്ളത്. തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍ ബലികര്‍മങ്ങള്‍ നടത്തുന്നതിനായി എത്തുന്നവര്‍ക്ക് ദേവസ്വം പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി. 14 കര്‍മികളുടെ നേതൃത്വത്തിലാണ് ക്ഷേത്രക്കടവില്‍ ബലികര്‍മം നടക്കുന്നത്. തിരുവില്വാമല ഐവര്‍ മഠത്തിലും ബലിതര്‍പ്പണത്തിനായി നൂറു കണക്കിന് ഭക്തരെത്തി. എന്നാല്‍ ഭാരതപ്പുഴ കര കവിഞ്ഞൊഴുകുന്നതിനാല്‍ ബലിത്തറകളുടെ എണ്ണം കുറച്ചത് ഭക്തരെ ബുദ്ധിമുട്ടിലാക്കി.
സംസ്ഥാനത്തെ വിവിധ സ്നാനഘട്ടങ്ങളിലും ക്ഷേത്രക്കടവുകളിലും ഇളമുറക്കാര്‍ പിതൃക്കള്‍ക്ക് ബലിതര്‍പ്പണം നടത്താനെത്തിയിട്ടുണ്ട്. പിതൃക്കളോടുള്ള കടവും കടമയും മരണാനന്തരം ശ്രാദ്ധകര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതിലൂടെ വീട്ടണമെന്നാണ് ശാസ്‌ത്ര മതം. ശ്രാദ്ധത്തിന് ചെയ്യുന്ന പിണ്ഡത്തിന്‍റെ സാരാംശം സൂര്യരശ്മികളിലൂടെ സൂര്യലോകത്ത് എത്തുകയും പിതൃക്കള്‍ അവ സ്വീകരിക്കുകയും ചെയ്യുമെന്നാണ് സങ്കല്‍പം. |