കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി സി പി എം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ചേരും. വൈകിട്ട് നാല് മണിക്ക് എ കെ ജി ഭവനിലാണ് യോഗം ചേരുക. യോഗത്തിന് മുന്നോടിയായി രാവിലെ പി ബി യോഗം നടക്കും. കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ക്ക് യോഗം അന്തിമരൂപം നല്‍കും. വൈകീട്ട് നാലുമണിക്കാണ് കേന്ദ്രകമ്മിറ്റി.
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരേയും കൈക്കോള്ളേണ്ട നിലപാടുകളാണ് പ്രധാനമായും യോഗം ചര്‍ച്ച ചെയ്യുക. ഇരുവര്‍ക്കുമെതിരെ നടപടികളെടുക്കുന്നത് സംബന്ധിച്ച് പി ബിയില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. വി എസിനെതിരെ കടുത്ത അച്ചടക്ക നടപടി വേണമെന്ന് കഴിഞ്ഞ പി ബി യോഗം ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇക്കാര്യം ഇന്ന് നടക്കുന്ന പിബിയും കേന്ദ്രകമ്മിറ്റിയും ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്.
വെള്ളിയാഴ്ച കേന്ദ്ര നേതാക്കളുമായി പിണറായി വിജയനും വി എസ് അച്യുതാനന്ദനും വെവ്വേറെ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. നേരത്തെയെടുത്ത നിലപാടുകളില്‍ നേതാക്കള്‍ ഉറച്ചുനില്‍ക്കുന്നതായാണ് സൂചന. ലാവ്‌ലിന്‍ കേസിന്‍റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്ന ആവശ്യം ഒരു വിഭാഗം കേന്ദ്ര നേതാക്കള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
സംഘടനയുടെ ലെനിനിസ്റ്റ് തത്വങ്ങള്‍ ലംഘിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് വി എസിനെതിരെയുള്ളത്. ആ നിലയ്ക്ക് വി എസിനെതിരെ കടുത്ത അച്ചടക്ക നടപടികള്‍ വേണമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ രണ്ടുപേര്‍ക്കെതിരേയും അച്ചടക്ക നടപടി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര നേതൃത്വം നല്‍കുന്ന സൂചന. |