കൊച്ചിയുടെ സമഗ്രവികസനത്തിനായുള്ള മാസ്‌റ്റര്‍ പ്ലാന്‍ അന്തിമ ഘട്ടത്തിലാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദ് കുട്ടി അറിയിച്ചു. നിയമസഭയില്‍ സി എം ദിനേശ്‌മണി എം എല്‍ എയുടെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
എല്‍ എന്‍ ജി ടെര്‍മിനലും, മെട്രോ റയിലുമെല്ലാം പൂര്‍ത്തിയാകുന്നതിന് മുമ്പ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തരുതെന്നും സബ്‌മിഷന്‍ അവതരിപ്പിച്ച സി എം ദിനേശ് മണി ആവശ്യപ്പെട്ടു.
ഇതിന് മറുപടി നല്‍കിയ മന്ത്രി കൊച്ചി നഗരസഭയുടേയും കൊച്ചി വികസന അതോറിറ്റിയുടേയും സഹകരണത്തോടെയാണ് ടൗണ്‍ പ്ലാനിങ്ങ് വകുപ്പ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത് എന്ന് അറിയിച്ചു. കൊച്ചിയോട് ചേര്‍ന്നു കിടക്കുന്ന 14 പഞ്ചായത്തുകള്‍, കൊച്ചി നഗരസഭ, കളമശ്ശേരി, തൃപ്പൂണിത്തറ മുനിസിപ്പാലിറ്റികള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതായിരിക്കും വികസനപദ്ധതിയെന്നും മന്ത്രി അറിയിച്ചു. |