നല്ല മഴ ശുഭലക്ഷണമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഡല്‍ഹിയില്‍ നാളെ തുടങ്ങാനിരിക്കുന്ന സി പി എം കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കാനെത്തിയ പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് ഇങ്ങനെ പ്രതികരിച്ചത്.
നാളെ ചേരുന്ന കേന്ദ്രക്കമ്മിറ്റിയോടെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ തീരുമോ എന്ന് ആയിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ഇതിന് മറുപടിയായി, പുറത്ത് നല്ല മഴയാണെന്നും, നല്ല മഴ ശുഭലക്ഷണമാണെന്നും പിണറായി പറഞ്ഞു. കഴിഞ്ഞ തവണ വന്നപ്പോള്‍ മഴയില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏതായാലും, സംസ്ഥാന സെക്രട്ടറിയുടെ പ്രസ്‌താവന പാര്‍ട്ടിക്കും, അണികള്‍ക്കും ശുഭപ്രതീക്ഷയാണ് നല്‍കുന്നത്. തര്‍ക്കങ്ങളും, വിഭാഗീയതയും അവസാനിപ്പിച്ച് വി എസും പിണറായിയും ഒത്തുചേരണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ഭൂരിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരും. അതുകൊണ്ട് തന്നെ പിണറായിയുടെ പ്രസ്താവന കുളിരായി പെയ്തിറങ്ങുന്നതും പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസ്സില്‍ തന്നെ.
ഇന്ന് ഉച്ചയോടെയാണ് വി എസ് അച്യുതാനന്ദനും, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയില്‍ എത്തിയത്. കഴിഞ്ഞ ആഴ്‌ച ചേര്‍ന്ന സി പി എം പോളിറ്റ് ബ്യൂറോ യോഗത്തില്‍ മുഖ്യമന്ത്രി അച്യുതാനന്ദനെതിരെ നടപടി എടുക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.
എന്നാല്‍, ഈ അഭിപ്രായത്തെ ചിലര്‍ എതിര്‍ക്കുകയും, നടപടി എടുക്കുകയാണെങ്കില്‍ വി എസ്സിനും, പിണറായിക്കുമെതിരെ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ ആണ് നാളെ ചേരുന്ന കേന്ദ്രകമ്മിറ്റിയില്‍ പരിഗണനയ്ക്ക് വയ്ക്കുക. |