മുന്‍ മന്ത്രിയും, സി എം പി നേതാവുമായ എം വി രാഘവനെതിരെ നടന്ന വധശ്രമ കേസിലെ 25 പ്രതികളെയും കോടതി വെറുതെവിട്ടു. തലശ്ശേരി അസിസ്‌റ്റന്‍റ് സെഷന്‍സ് ജഡ്‌ജി എ ഹാരിസ് ആണ് വിധി പ്രസ്താവിച്ചത്.
ഈ വിധി താന്‍ പ്രതീക്ഷിച്ചിരുന്നതായിരുന്നു എന്ന് എം വി രാഘവന്‍ പറഞ്ഞു. സാക്ഷികള്‍ കൂറുമാറിയിരുന്നു. സാക്ഷികളെ ഗുണ്ടകളെ ഉപയോഗിച്ച് നിര്‍ബന്ധിച്ച് കൂറു മാറ്റുകയായിരുന്നു. അതു കൊണ്ട് തന്നെ ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും വിധിയോട് പ്രതികരിച്ചു കൊണ്ട് എം വി രാഘവന്‍ പറഞ്ഞു. അതേ സമയം കെട്ടിച്ചമച്ചുണ്ടാക്കിയ കേസായിരുന്നു ഇതെന്നും അതുകൊണ്ടാണ് കോടതി കേസ് തള്ളിയതെന്നും സി പി എം നേതാവ് എം വി ജയരാജന്‍ പറഞ്ഞു.
1994 നവംബര്‍ 25നായിരുന്നു കേസിനാസ്‌പദമായ സംഭവം. കൂത്തുപറമ്പ് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്‍റെ സായാഹ്‌നശാഖയുടെ ഉദ്ഘാടനത്തിന് എത്തിയ സഹകരണവകുപ്പുമന്ത്രി എം വി രാഘവനെ കണ്ണൂര്‍ റോഡില്‍ വച്ച് മൂവായിരത്തോളം സി പി എം - ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി എത്തി വധിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്.
ആകെ 88 പ്രതികളും, പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 129 സാക്ഷികളുമായിരുന്നു കേസിലുണ്ടായിരുന്നത്. ഇതില്‍ 25 പ്രതികളെയായിരുന്നു കോടതി വിസ്തരിച്ചത്. ബുധനാഴ്ച വിധി പറയേണ്ടിയിരുന്ന കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. |