സര്‍ക്കാരുമായി കരാറില്‍ ഒപ്പിടാത്ത ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സിലിന്‍റെ കീഴിലുളള സ്വാശ്രയ കോളജുകള്‍ സ്വന്തം നിലയ്ക്ക് പ്രവേശനം നല്‍കാന്‍ ആരംഭിച്ചു. പ്രവേശന പരീക്ഷയില്‍ 60 ശതമാനം മാര്‍ക്കും പ്ലസ്ടുവിലെ 40 ശതമാനം മാര്‍ക്കും അടിസ്ഥാനാക്കി സ്വന്തം നിലയില്‍ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് പ്രവേശനം.
മെറിറ്റ് ലിസ്റ്റില്‍ ഒരു ലക്ഷം രൂപ ഡിപ്പോസിറ്റും 49,000 ഫീസും, എന്‍ ആര്‍ ഐ ക്വാട്ടയില്‍ തിരിച്ചുകിട്ടാത്ത മൂന്നു ലക്ഷം രൂപ ഡിപ്പോസിറ്റും 49,000 രൂപ ഫീസും ഇടാക്കും. പ്രവേശന നടപടികള്‍ സുതാര്യമാണെന്ന് ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ അധികൃതര്‍ പറഞ്ഞു.
അതേസമയം സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തുമെന്നു പറയുന്ന ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സിലിന്‍റെ വാദങ്ങള്‍ക്ക് യുക്തി ഭദ്രതയില്ലെന്നു വിദ്യാഭ്യാസമന്ത്രി എം എ ബേബി പറഞ്ഞു.
എന്നാല്‍, വിദ്യാഭ്യാസ രംഗത്ത് സാമൂഹ്യവളര്‍ച്ചയേക്കാള്‍ രാഷ്‌ട്രീയനേട്ടങ്ങള്‍ തേടുന്നവരാണ് നീതിക്കും യുക്‌തിക്കും നിരക്കാത്ത കരാറുകള്‍ക്കു നിര്‍ബന്ധിക്കുന്നതെന്നും ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ വക്‌താവ് റവ ഡോ ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍ അഭിപ്രായപ്പെട്ടു. |