ജനതാദള്‍ എസിന്‍റെ ദേശീയ എക്‌സിക്യുട്ടിവ് യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൌഡയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ദള്‍ സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്രകുമാറും പങ്കെടുക്കും.
കേരളത്തില്‍ ദള്‍ ഇടതുമുന്നണിക്കൊപ്പം നില്‍ക്കണമോ, വേണ്ടയോ എന്നത് സംബന്ധിച്ച് ജനതാദള്‍ സംസ്ഥാന ഘടകത്തില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യോഗം നിര്‍ണായകമാണ്. ഇന്ന് ചേരുന്ന ദേശിയ എക്‌സിക്യുട്ടീവ് യോഗത്തില്‍ ഇതു സംബന്ധിച്ച് ദേവഗൌഡയും, വീരേന്ദ്രകുമാറും തമ്മില്‍ ആശയഭിന്നത ഉണ്ടായേക്കും.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് ജനതാദളില്‍ നിന്ന് സി പി എം പിടിച്ചെടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. കോഴിക്കോട് സീറ്റ് ദളിന് നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് മാത്യു ടി തോമസ് മന്ത്രി സ്ഥാനം രാജിവെച്ചെങ്കിലും തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കു വേണ്ടിയായിരുന്നു പ്രവര്‍ത്തിച്ചത്.
എന്നാല്‍ സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ജനതാദളിലെ വീരേന്ദ്രകുമാര്‍ പക്ഷം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായ നടപടിയായിരുന്നു കൈക്കൊണ്ടത്. ഇതില്‍, ദേശീയ അധ്യക്ഷന്‍ ദേവഗൌഡ ക്ഷുഭിതനായിരുന്നു. ബി ജെ പിയോടും, കോണ്‍ഗ്രസിനോടും സമദൂരനയവുമായി മുന്നോട്ടു പോകുമെന്ന ഗൌഡയുടെ പിന്നീടുള്ള പ്രസ്താവനയും ഇതാണ് തെളിയിച്ചത്. എന്നാല്‍, പാര്‍ട്ടി കേരളാഘടകത്തിന്‍റെ ആഭ്യന്തരകാര്യങ്ങളില്‍ കേന്ദ്രനേതൃത്വം ഇടപെടെണ്ടതില്ലെന്നാണ് വിരേന്ദ്രകുമാറിന്‍റെ പക്ഷം. |