കേരളത്തില്‍ പാര്‍ട്ടിയിലുള്ള പ്രശ്നങ്ങളും, ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയവും വിലയിരുത്താനുള്ള നിര്‍ണായക സി പി എം പോളിറ്റ് ബ്യൂറോ യോഗം ഡല്‍ഹിയില്‍ തുടങ്ങി. ഡല്‍ഹിയിലെ എ കെ ജി ഭവനില്‍ ചേരുന്ന യോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ഒഴികെയുള്ള എല്ലാ പി ബി അംഗങ്ങളും പങ്കെടുക്കും.
പി ബി യോഗത്തില്‍ പങ്കെടുക്കുന്നതിനായി വി എസ് അച്യുതാനന്ദനും, കോടിയേരി ബാലകൃഷ്‌ണനും, സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഇന്നലെ തന്നെ ഡല്‍ഹിയില്‍ എത്തിയിരുന്നു. മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ നടപടി വേണമെന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ പ്രമേയവും ലാവ്‌ലിന്‍ കേസില്‍ പ്രതി ചേര്‍ക്കപെട്ട പിണറായി വിജയനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണമെന്ന വി എസ് പക്ഷത്തിന്‍റെ ആവശ്യവും യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്.
അതേസമയം, സി പി എം കേരള ഘടകത്തിലെ പ്രശ്നങ്ങള്‍ ഇന്നു തുടങ്ങുന്ന പ്രത്യേക പോളിറ്റ് ബ്യൂറോ യോഗത്തോടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പി ബി അംഗം എം കെ പാന്ഥെ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാവ്‌ലിന്‍ കേസ് ഉള്‍പ്പെടെയുള്ള കേരളത്തിലെ എല്ലാ വിഷയങ്ങളും വിശദമായി ചര്‍ച്ച ചെയ്യുമെന്നും പാന്ഥെ പറഞ്ഞു.
എന്നാല്‍, പോളിറ്റ് ബ്യൂറോ യോഗത്തോടെ പ്രശ്നങ്ങള്‍ അവസാനിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ മറുപടി പറഞ്ഞില്ല. |