ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയവും, കേരളത്തിലെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നതിനായുള്ള നിര്‍ണായക പോളിറ്റ് ബ്യൂറോ യോഗം നാളെ ചേരും. സംസ്ഥാനത്തു നിന്ന് പി ബിയില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും, ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനും ഡല്‍ഹിക്ക് തിരിച്ചു. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇന്നു വൈകുന്നേരത്തോടെ ഡല്‍ഹിയില്‍ എത്തും. ശനിയാഴ്ചയും, ഞായറാഴ്ചയുമായാണ് പി ബി ചേരുക.
തെരഞ്ഞെടുപ്പു പരാജയം വിലയിരുത്താന്‍ ജൂണ്‍ 19ന് ഡല്‍ഹിയില്‍ പോളിറ്റ് ബ്യൂറോ ചേര്‍ന്നിരുന്നെങ്കിലും കേരളത്തിലെ വിഷയങ്ങള്‍ പൂര്‍ണമായി ചര്‍ച്ച ചെയ്തിരുന്നില്ല. പാര്‍ട്ടിക്കകത്തും, മുന്നണിക്കകത്തും നിരവധി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ സംസ്ഥന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക പി ബി യോഗം ചേരാന്‍ തീരുമാനിക്കുകയായിരുന്നു.
കേരളത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ തമ്മില്‍ നിലനില്‍ക്കുന്ന വിഭാഗീയത, ലാവ്‌ലിന്‍ കേസില്‍ ഗവര്‍ണര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയതു മുതലുള്ള കാര്യങ്ങള്‍, തെരഞ്ഞെടുപ്പില്‍ മുന്നണിക്കകത്തുണ്ടായ പ്രശ്‌നങ്ങള്‍, പാര്‍ട്ടി തത്വങ്ങള്‍ ലംഘിച്ച് ചില നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത് എന്നിവയും രണ്ടുദിവസങ്ങളിലായി ചേരുന്ന പി ബിയില്‍ ചര്‍ച്ച ചെയ്യും.
തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്തം പരസ്‌പരം പഴിചാരുകയാണ് സി പി എം സംസ്ഥാന സെക്രട്ടറിയും, മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും. എന്നാല്‍, സംസ്ഥാന ഘടകത്തിലെ വിഭാഗീയതയാണ് ഇപ്പോള്‍ സി പി എമ്മിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് കേന്ദ്ര നേതൃത്വത്തിന് മനസ്സിലായിട്ടുണ്ട്. അതുകൊണ്ട് തന്നെ, പരസ്‌പരം ഭിന്നതയില്‍ കഴിയുന്ന സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും, മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും പി ബി ശക്തമായ ചില താക്കീതുകള്‍ നല്‍കിയേക്കും. |