സ്വശ്രയ കരാര്‍ അനിശ്ചിതമായി നിളുന്നതിനെതിരെ സര്‍ക്കാരിന് മാനേജ്‌മെന്‍റുകളുടെ അന്ത്യശാസനം. സ്വാശ്രയ കരാര്‍ ഈ മാസം 25നകം നടപ്പാക്കിയില്ലെങ്കില്‍ മുഴുവന്‍ സീറ്റിലും സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തുമെന്ന് സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്‍റ് അസോസിയേഷന്‍ അറിയിച്ചു.
കൊച്ചിയില്‍ ഇന്നു ചേര്‍ന്ന സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്‍റ് അസോസിയേഷനുകളുടെ സംയുക്ത യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. ധാരണാപത്രത്തില്‍ നിശ്ചയിച്ചിരിക്കുന്ന ത്രിതല ഫീസ് ഘടന മാറ്റമില്ലാതെ നടപ്പാക്കണം. ത്രിതല ഫീസ് ഘടനയില്‍ താല്പര്യമില്ലാതിരുന്നിട്ടും സര്‍ക്കാരിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ധാരണാപത്രമുണ്ടാക്കിയത്. അതുകൊണ്ട് തന്നെ ഫീസ് സംബന്ധമായോ, മറ്റ് കാര്യങ്ങളെക്കുറിച്ചോ സര്‍ക്കാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്നും മാനേജ്‌മെന്‍റ് അസോസിയേഷന്‍ അറിയിച്ചു.
അടുത്തമാസം ഒന്നിനകം കോളജുകളിലെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്‌ടതുണ്‌ട്. അതിനാല്‍ ജൂലൈ 25 നകം പ്രശ്നപരിഹാരം ഉണ്ടാകണമെന്നും മാനേജ്‌മെന്‍റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
നിലവിലെ രൂപത്തില്‍ സ്വശ്രയ കരാര്‍ ഒപ്പിടാന്‍ അനുവദിക്കില്ലെന്നാണ് ഇടത് അനുകൂല വിദ്യാര്‍ത്ഥി സംഘടനകളായ എസ് എഫ് ഐയുടെയും, എ ഐ എസ് എഫിന്‍റെയും നിലപാട്. ഇതിനെ തുടര്‍ന്ന്, തിങ്കളാഴ്ച ഒപ്പിടാനിരുന്ന സ്വാശ്രയ കരാര്‍ ബുധനാഴ്ചയിലേക്ക് മാറ്റിയിരുന്നു.
കരാര്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്നലെ ഇടതുമുന്നണിയോഗം വിളിച്ചിരുന്നെങ്കിലും സി പി ഐ പങ്കെടുക്കാത്തതിനാല്‍ ധാരണയിലെത്താനായില്ല. അതേസമയം, കരാര്‍ ഒപ്പിടുന്നതിന് മുമ്പ് വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി എം എ ബേബി വ്യക്തമാക്കിയിട്ടുണ്ട്. |