സ്വാശ്രയപ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി തിരുവനന്തപുരത്ത് ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ നിന്ന് സി പി ഐ വിട്ടുനിന്നു. ഇടതുമുന്നണിയോഗം ആരംഭിച്ച അതേ സമയത്ത് തന്നെ സമാന്തരമായി മന്ത്രിസഭായോഗവും ആരംഭിച്ചതിനാല്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും യോഗത്തിന് എത്തിയില്ല.
അതേ സമയം സ്വശ്രയപ്രശ്നം ചര്‍ച്ച ചെയ്യാനായി മാത്രം ചേര്‍ന്ന ഇടതുമുന്നണിയോഗം പത്തു മിനിറ്റ് കൊണ്ട് അവസാനിച്ചു. സ്വാശ്രയകരാറിന്‍റെ കരട് യോഗത്തില്‍ വായിച്ചു. യോഗത്തില്‍ പങ്കെടുത്ത ഘടകകക്ഷികള്‍ കരാറിന് എതിര്‍പ്പൊന്നും ഉയര്‍ത്തിയില്ല. ഇനി ഇത് സി പി ഐയുമായി ചര്‍ച്ച ചെയ്തതിനു ശേഷം അന്തിമതീരുമാനം കൈക്കൊള്ളും.
മുഖ്യമന്തി പങ്കെടുക്കാത്തത് കൊണ്ടാണ് സി പി ഐ നേതാക്കളും പങ്കെടുക്കാതിരുന്നത് എന്നാണ് ലഭ്യമാകുന്ന സൂചനകള്‍. എന്നാല്‍, ഇത് സംബന്ധിച്ച് എന്തെങ്കിലും വിശദീകരണം നല്‍കാന്‍ സി പി ഐ നേതാക്കള്‍ തയ്യാറായിട്ടില്ല. അതേസമയം, ജനതാദളില്‍ വീരേന്ദ്രകുമാറുമായി ഇടഞ്ഞുനില്‍ക്കുന്ന മാത്യു ടി തോമസ് ഇടത് മുന്നണി യോഗത്തില്‍ പങ്കെടുത്തു.
സി പി ഐയുടെ അതൃപ്തിയെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ചേരാനിരുന്ന ഇടതുമുന്നണി യോഗം മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍, സ്വാശ്രയ കരാര്‍ പ്രശ്നം വഷളായതിനെ തുടര്‍ന്നാണ് ഇന്ന് വൈകുന്നേരം ഇടതുമുന്നണിയോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനമായത്.
നേരത്തെ സര്‍ക്കാരും, മെഡിക്കല്‍ മാനേജ്‌മെന്‍റും ഫീസ് സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. മെറിറ്റ് സീറ്റില്‍ മൂന്നുതരത്തിലുള്ള ഫീസ് ഘടനയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇതിനെതിരെ എസ് എഫ് ഐയും, എ ഐ എസ് എഫും രംഗത്തു വന്നതൊടെയാണ് പ്രശ്നം മുന്നണിയില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വീണ്ടും നിര്‍ബന്ധിതരായത്. നിലവിലുള്ള രൂപത്തില്‍ സ്വാശ്രയകരാര്‍ ഒപ്പിടാന്‍ അനുവദിക്കില്ലെന്ന് ഇരുവിദ്യാര്‍ത്ഥി സംഘടനകളുടെയും നിലപാട്. |