സ്വാശ്രയ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി ഇടതുമുന്നണി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വൈകിട്ട് നാല് മണിക്കാണ് യോഗം ചേരുക. സി പി ഐയുടെ അതൃപ്തിയെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ചേരാനിരുന്ന ഇടതുമുന്നണി യോഗം മാറ്റിവച്ചിരുന്നു. എന്നാല്‍, സ്വാശ്രയ കരാര്‍ പ്രശ്നം വഷളായതിനെ തുടര്‍ന്നാണ് ഇന്ന് വൈകുന്നേരം തന്നെ ഇടതുമുന്നണിയോഗം ചേരുന്നത്.
നേരത്തെ സര്‍ക്കാരും, മെഡിക്കല്‍ മാനേജ്‌മെന്‍റും ഫീസ് സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. മെറിറ്റ് സീറ്റില്‍ മൂന്നുതരത്തിലുള്ള ഫീസ് ഘടനയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇതിനെതിരെ എസ് എഫ് ഐയും, എ ഐ എസ് എഫും രംഗത്തു വന്നതൊടെയാണ് പ്രശ്നം മുന്നണിയില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വീണ്ടും നിര്‍ബന്ധിതരായത്. നിലവിലുള്ള രൂപത്തില്‍ സ്വാശ്രയകരാര്‍ ഒപ്പിടാന്‍ അനുവദിക്കില്ലെന്ന് ഇരുവിദ്യാര്‍ത്ഥി സംഘടനകളുടെയും നിലപാട്.
അതേസമയം, സ്വാശ്രയ പ്രശ്നത്തില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും കരാര്‍ ഒപ്പിടും മുമ്പ് വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി എം എ ബേബി നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. ഇന്ന് മന്ത്രിസഭായോഗത്തിനു ശേഷമായിരുന്നു മാനേജ്‌മെന്‍റുകളുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിടാനിരുന്നത്.
എന്നാല്‍, കരാറില്‍ ഒപ്പിടുന്നതില്‍ നിന്ന് പിന്‍മാറുന്നതായി മെഡിക്കല്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ ഇന്നലെ അറിയിച്ച സാഹചര്യത്തിലാണ് ഇന്നു വൈകുന്നേരം ഇടതുമുന്നണിയോഗം ചേരുന്നത്. നിലവിലുള്ള സ്വാശ്രയ കരാര്‍ വ്യവസ്ഥ സി പി ഐ അംഗീകരിക്കില്ലെന്നാണ് സൂചനകള്‍. |