ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുമുന്നണിക്കേറ്റ കനത്ത പരജയം വിലയിരുത്താന്‍ വെള്ളിയാഴ്ച തിരുവനന്തപുരത്ത് എല്‍ ഡി എഫ് യോഗം ചേരും. വൈകിട്ട് നാലുമണിക്ക് തിരുവനന്തപുരം എ കെ ജി സെന്‍ററിലാണ് യോഗം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നണിക്കേറ്റ പരാജയത്തിന്‍റെ കാരണങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം. കൂടാതെ, ഒഴിഞ്ഞു കിടക്കുന്ന ഗതാഗതമന്ത്രിസ്ഥാനവും, കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തില്‍ അദ്ദേഹത്തെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമോ വേണ്ടയോ എന്നതും ചര്‍ച്ചയ്ക്ക് വരാനുള്ള സാധ്യതയുണ്ട്. തെരഞ്ഞെടുപ്പിനു ശേഷം സി പി എമ്മില്‍ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നതിനാല്‍ ഇടതുമുന്നണി യോഗം വിളിക്കാന്‍ കാലതാമസം വരികയായിരുന്നു.
തെരഞ്ഞെടുപ്പിലെ പരാജയകാരണങ്ങളായ ലാവ്‌ലിന്‍ കേസ്, പി ഡി പി ബന്ധം, ഇടതുമുന്നണിയിലെ തര്‍ക്കം എന്നിവ തന്നെയായിരിക്കും പ്രധാന ചര്‍ച്ചാവിഷയങ്ങള്‍ എന്നാണ് കരുതപ്പെടുന്നത്. ലാവ്‌ലിന്‍ കേസ് ഇതുവരെ ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാത്തതിനാല്‍ ഇത്തവണ നിര്‍ബന്ധമായും ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്.
ലാവ്‌ലിന്‍ കേസില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിനെതിരെ സി പി എം കരിദിനം പ്രഖ്യാപിച്ചതിലും, ഗവര്‍ണറെ മന്ത്രിമാര്‍ വിമര്‍ശിച്ചതിലും ഘടകകക്ഷികള്‍ അതൃപ്‌തി അറിയിക്കുമെന്നാണ് കരുതുന്നത്.
ലാവ്‌ലിന്‍ കേസ് രാഷ്‌ട്രീയപ്രേരിതമാണെന്ന സി പി എമ്മിന്‍റെ അഭിപ്രായം ആദ്യം അംഗീകരിച്ചിരുന്ന സി പി ഐ തെരഞ്ഞെടുപ്പിനു ശേഷം ലാവ്‌ലിന്‍ രാഷ്‌ട്രീയ പ്രേരിതമല്ലെന്ന് പറഞ്ഞിരുന്നു. പി ഡി പി ബന്ധത്തിലും ഘടകകക്ഷികള്‍ സി പി എമ്മിനോട് വിരുദ്ധനിലപാട് ആയിരുന്നു ആദ്യം മുതലേ സ്വീകരിച്ചിരുന്നത്. തെരഞ്ഞെടുപ്പില്‍ ഘടകകക്ഷികളുടെ നിലപാട് അംഗീകരിക്കുന്ന തരത്തിലായിരുന്ന സി പി എം പോളിറ്റ് ബ്യൂറോ സ്വീകരിച്ച തീരുമാനവും. ഇതും, ഘടക കക്ഷികളുടെ ആക്രമണത്തിന് മൂര്‍ച്ച കൂട്ടും.
കൂടാതെ, സ്ഥാനാര്‍ത്ഥി നിര്‍ണയം വഴി സി പി എം മുന്നണിയില്‍ ഉണ്ടാക്കിയ പ്രശ്നങ്ങള്‍ ഓരൊന്നായി ഘടകകക്ഷികള്‍ ചോദ്യം ചെയ്യും. പൊന്നാനി സീറ്റ് സി പി ഐയില്‍ നിന്ന് പിടിച്ചെടുത്തതും, കോഴിക്കോട് സീറ്റ് ജനതാദളിന് നല്‍കാതിരുന്നതും തുടര്‍ന്ന് ദളിലെ ഒരുപക്ഷം മുന്നണി വിടാനിടയായ സാഹചര്യവും മുന്നണി യോഗത്തില്‍ സി പി എമ്മിനെ പ്രതികൂട്ടില്‍ നിര്‍ത്തുമെന്നാണ് കരുതുന്നത്. |